ന്യൂഡല്‍ഹി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നതില്‍ വിശദീകരണവുമായി ഇന്ത്യ. ഈ മാസം ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണത്തെ നേരിട്ട് അപലപിക്കാത്തതിനാലാണ് ഇന്ത്യ വിട്ടുനിന്നത്.
ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെ കുറിച്ച് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. പലസ്തീനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.
ഇസ്രയേല്‍ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയമാണ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കിയത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അതേസമയം, ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്‍റെ മുൻപിൽ ഇന്ത്യ ഇന്നേവരെ ഉയർത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങൾക്ക് മുറിവേൽക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേത്. സമാധാനത്തിനും സഹായത്തിനുമായി ഉറ്റുനോക്കുന്നവരുടെ കണ്ണുകളിൽ ചരിത്രത്തിലാദ്യമായി നമ്മുടെ രാജ്യത്തിൻറെ മുഖം വികൃതമാക്കപ്പെട്ടിരിക്കുന്നെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഇന്ത്യ എക്കാലവും സമാധാനത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും സന്ദേശം ഉയർത്തിപ്പിടിച്ച രാജ്യമായിരുന്നു. അഹിംസയുടെയും സത്യത്തിന്‍റെയും തത്വങ്ങളിൽ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്. ഈ അടിസ്ഥാന മൂല്യങ്ങളാണ് ഈ നിലപാടിലൂടെ ചവിട്ടിയരക്കപ്പെട്ടതെന്ന് കെ.സി. വേണുഗോപാൽ എംപി ഫേസ്ബുക്കിൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















