കൊച്ചി: ദേശീയ ഗെയിംസിൽ വോളീബോൾ ഇനി ഉൾപ്പെടുത്താനാകില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഹൈക്കോടതിയിലാണ് അസോസിയേഷൻ നിലപാട് അറിയിച്ചത്. അധികാര തർക്കത്തിന്റെ പേരിൽ താരങ്ങളുടെ ഭാവിയാണ് നഷ്ടപ്പെടുന്നതെന്നും അവരോട് സഹതാപം മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു. താരങ്ങളും കോച്ചുമാരും നൽകിയ ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു.
വോളിബോൾ താരങ്ങളുടെയും കോച്ചുമാരുടെയും ഹർജി രാവിലെ പരിഗണിച്ച ഹൈക്കോടതി, എന്തുകൊണ്ടാണ് ദേശീയ ഗെയിംസിൽ നിന്നും വോളിബോൾ മത്സരം ഒഴിവാക്കിയതെന്ന് ചോദിച്ചിരുന്നു. വോളിബോൾ ടീമുകളെ ഇനി തെരഞ്ഞെടുക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചത്. വോളിബോൾ ഒഴിവാക്കിയത് ദൗർഭാഗ്യകരമായ സംഭവമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, വോളിബോൾ മത്സര വേദി ഒഴിവാക്കിയോ എന്നും ചോദിച്ചിരുന്നു.
താരങ്ങളുടെ ഭാവി കളയുകയാണ് ഇതിലൂടെ ദേശീയ ഗെയിംസ് സംഘാടകർ ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. അഡ്മിനിസ്ട്രേറ്റർമാർ തമ്മിൽ തർക്കമാണെന്നും ആരും വോളിബോളിനെ പറ്റി സംസാരിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ദേശീയ ഗെയിംസിൽ നിന്നും മാത്രമാണ് വോളിബോൾ മത്സരം ഒഴിവാക്കിയതെന്നാണ് ഇതിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നൽകിയ മറുപടി. വോളിബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പിന് ശേഷം നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമെന്നും ഐ ഒ എ വ്യക്തമാക്കിയതോടെയാണ് താരങ്ങളോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.
ദേശീയ ഗെയിംസ് സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചത്. ആനന്ദ്, അൽന രാജ് റോലി പഥക് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം