കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 2-1ന് ജയം. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പാതിയില്‍ രണ്ട് ഗോള്‍ നേടി തിരിച്ചെത്തുകയായിരുന്നു. ദിമിത്രിയോസ് ഡയമന്റാകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. ഡിയേഗോ മൗറിസിയോയാണ് ഒഡീഷയുടെ ഗോള്‍ നേടിയത്.
കൊച്ചി, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സസ്പെന്ഷന് കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമാനോവിച്ച് തിരിച്ചെത്തിയ മത്സരം കൂടിയാണിത്. പത്ത് മത്സരങ്ങളില്‍ നിന്നേര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞാണ് വുകോമാനോവിച്ച് തിരിച്ചെത്തിയത്.
ആദ്യ മിനിറ്റുകളില്‍ പന്ത് കൈവശം വെച്ചുകളിച്ച ഒഡിഷ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയുയര്‍ത്തി. എന്നാല്‍ പതിയെ ബ്ലാസ്റ്റേഴ്സും കളി കടുപ്പിച്ചു. മൂന്നാം മിനിറ്റില്‍ തന്നെ കെ പി രാഹുലിന്റെ ഷോട്ട് ഒഡീഷയുടെ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ആറാം മിനിറ്റില്‍ ഒഡീഷയുടെ ഭാഗത്ത് നിന്ന് ആദ്യ ഗോള്‍ശ്രമവുമുണ്ടായി. 12-ാം മിനിറ്റില്‍ പ്രിതം കോട്ടലിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. 15-ാം മിനിറ്റില്‍ മൗറിസിയോയുടെ ഗോളെത്തി. സീ ഗൊദാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു മൗറിസിയോയുടെ ഗോള്‍. ഇരുടീമുകളും മുന്നേറ്റം തുടര്‍ന്നെങ്കിലും ആദ്യ പകുതി 1-0 ന് ഒഡിഷ മുന്നിട്ടുനിന്നു.
തിരിച്ചടി ലക്ഷ്യമിട്ടിറിങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നിരവധി ഷോട്ടുകളുതിര്‍ത്തു. ക്വാമെ പെപ്ര, ഡാനിഷ് ഫറൂഖ് എന്നിവരുടെ ഷോട്ടുകള്‍ ബാറിന് പുറത്തേക്ക് പോയി. ആക്രമണം കടുപ്പിക്കാന്‍ സ്ട്രൈക്കര്‍ ദിമിത്രി ഡയമന്റക്കോസിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പിന്നാലെ താരം ഗോളുമടിച്ചു. 66-ാം മിനിറ്റില്‍ ഡൈസുകെ സകായിയുടെ പാസ് സ്വീകരിച്ച ഡയമന്റക്കോസ് ഒഡിഷ ഗോളിയെ അനായാസം മറികടന്ന് വലകുലുക്കി.
മത്സരം സമനിലയിലായതോടെ വിജയഗോളിനായി ഇരുടീമുകളും മുന്നേറി. ഒടുക്കം കൊച്ചിയെ ആരവങ്ങളില്‍ മുക്കി ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. നായകന് അഡ്രിയാന്‍ ലൂണയാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്. ലോങ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതിലുള്ള ഒഡിഷ പ്രതിരോധനിരക്കാരന്റെ പിഴവ് മുതലെടുത്ത ലൂണ വലതുമൂലയില്‍ നിന്ന് ചിപ്പിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ കൊച്ചിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് വിജയവുമായി മടങ്ങി.
സീസണില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഒരു കളി തോറ്റു. ഒരു കളി സമനിലയായി. നാലു കളികളില്‍ ഏഴ് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍. നാലു കളികളില്‍ 10 പോയന്റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം