ഗാസ: ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7028 കടന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ഗാസയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു, 6747 പേരുടെ വിശദവിവരങ്ങളടങ്ങിയ രേഖയാണ് പ്രസിദ്ധീകരിച്ചത്.
കൊല്ലപ്പെട്ടവരുടെ പേര്, പ്രായം, ലിംഗം, തിരിച്ചറിയൽ രേഖയിലെ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തുവിട്ടത്. പട്ടികയിൽ 2665 പേർ കുട്ടികളാണ്. കൊല്ലപ്പെട്ടവരിൽ 281 പേരെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരും കാണാതായവരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇവരുടെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. ഗാസയിലെ പാലസ്തീനികളുടെ മരണനിരക്ക് വിശ്വസിക്കുന്നില്ലെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണത്തിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ഹമാസ് പുറത്തുവിട്ടത്.
അതേസമയം, വെള്ളവും ഭക്ഷണവും മരുന്നുകളുമായി പത്ത് ട്രക്കുകളും വിദേശ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘവും ഗസ്സയിലേക്ക് പ്രവേശിച്ചു. റഫ അതിർത്തി വഴി സംഘം ഗസ്സയിലെത്തിയതായി ഫലസ്തീൻ അതിർത്തി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. വിദേശ ഡോക്ടർമാരുടെ സംഘത്തിൽ 10 പേരാണുള്ളത്.
എന്നാൽ, ഗസ്സയിലേക്ക് ഇന്ധനം എത്തിക്കാൻ ഇതുവരെ നടപടികളൊന്നുമായിട്ടില്ല. ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനം ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് നിലച്ച അവസ്ഥയിലാണ്. ഡയാലിസിസ് ആവശ്യമുള്ള 1,000 രോഗികളും ഇൻക്യുബേറ്ററുകളിൽ 100ലേറെ കുട്ടികളുമാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഗസ്സയിലെ ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ലിൻ ഹാസ്റ്റിങ്സ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം