കണ്ണൂർ: ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസിൽ വിചാരണ നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും എൽഡിഎഫ് മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ ഗണേഷ് കുമാർ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരാഴ്ചത്തെ കേരളീയം ധൂർത്തിന് 27 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഏഴ് മാസം കൊണ്ട് ലൈഫ് മിഷൻ പദ്ധതിക്ക് സർക്കാർ കൊടുത്തിരിക്കുന്നത് 18 കോടി മാത്രമാണ്. പദ്ധതി വിഹിതത്തിന്റെ 2.5 ശതമാനം മാത്രമാണ് ഇത്. 717 കോടി രൂപ ലൈഫ് മിഷന് നീക്കി വച്ചിട്ട് ഏഴ് മാസം കൊണ്ട് 18 കോടി രൂപ മാത്രം കൊടുത്ത സർക്കാരാണ് ഏഴ് ദിവസത്തെ കേരളീയത്തിന് 27 കോടി രൂപ ഉത്തരവിലൂടെ നൽകുന്നത്. കേരളീയം അവസാനിക്കുമ്പോൾ അത് 70 കോടി രൂപ എങ്കിലും ആകും. ധൂർത്താണ് എൽഡിഎഫ് സർക്കാരിന്റെ മുഖമുദ്രയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കൊടുത്തിട്ടില്ല. പെൻഷൻകാർക്ക് രണ്ട് മാസമായി പെൻഷൻ തുക കിട്ടിയിട്ടില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുന്നു. കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്ത് ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്നു. ഒരു ചോദ്യത്തിനും സർക്കാരിന് മറുപടിയില്ല. സപ്ലെകോയിൽ സാധനങ്ങളില്ല. അഴിമതിയുടെ പാപഭാരം സാധാരണക്കാരന് മേൽ കെട്ടിവയ്ക്കുന്നു. സ്കൂൾ ഉച്ച ഭക്ഷണത്തിന് പണം കൊടുക്കാൻ ഇല്ലാത്ത സർക്കാരാണ് ഈ ധൂർത്ത് നടത്തുന്നത്. സർക്കാരിന്റെ പ്രചരണം വേണമെങ്കിൽ പാർട്ടി ചിലവിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് വിഷയത്തിലെ പ്രതികരണത്തിൽ ശശിതരൂർ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി. സ്വതന്ത്ര പാലസ്തീൻ ഉണ്ടാകണം എന്നാണ് കോൺഗ്രസ് നിലപാട്. പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ അക്രമങ്ങളെ അപലപിക്കുന്നതാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടെ ഉള്ളൂ. ആ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം