ഗാസ സിറ്റി: പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഹമാസ് കൈവശംവെച്ച അന്‍പതോളം ഇസ്രയേലി ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെലഗ്രാം ചാനലിലൂടെ ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സയണിസ്റ്റ് ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ഫലമായി ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ തടവുകാരുടെ എണ്ണം ഏകദേശം അന്പതായെന്ന് അല്‍-ഖസം ബ്രിഗേഡ്സ് തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.
നാലുബന്ദികളെ ഇതുവരെ ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. അമേരിക്കയും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബന്ദികളെ വിട്ടുകിട്ടുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ ഇപ്പോളും തുടരുകയാണ്. ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉടനുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി ബുധനാഴ്ച ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഖത്തറിന്റേയും ഈജിപ്തിന്റേയും സമാധാനചര്‍ച്ചകളുടെ ഫലമായാണ് കഴിഞ്ഞ ദിവസം രണ്ട് പ്രായംചെന്ന ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നത്. നൂറിറ്റ് കൂപ്പര്‍, യോച്ചെവെഡ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് വിട്ടയച്ചത്. 79ഉം 85-ഉും ആണ് ഇരുവരുടേയും പ്രായം. ഇവരുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മനുഷ്യത്വപരമായ ചില കാരണങ്ങളാലാണ് ഇരുവരേയും വിട്ടയയ്ക്കുന്നതെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു. ആറായിരത്തിലധികം പേരാണ് നിലവില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം