വാഷിങ്ടൺ: തീവ്രനിലപാടുള്ള ചില ഇസ്രായേലികൾ ഫലസ്തീനികളെ ആക്രമിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വെസ്റ്റ്ബാങ്കിൽ അധിനിവേശം നടത്തി താമസിക്കുന്ന ഇസ്രായേലികൾ ഫലസ്തീൻ പൗരൻമാർക്ക് നേരെ നടത്തുന്ന അക്രമം ഉടൻ അവസാനിപ്പിക്കണം. ഇസ്രായേൽ കരയുദ്ധത്തിന് തയാറെടുക്കുന്നവേളയിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേലിന്റെ പ്രതിരോധത്തിനുള്ള അവകാശം യു.എസ് അംഗീകരിക്കുന്നു. എന്നാൽ, വെസ്റ്റ്ബാങ്കിൽ ചില ഇസ്രായേലികൾ ഫലസ്തീനികളെ കൈകാര്യം ചെയ്യുന്ന രീതിയെ യു.എസ് വിമർശിച്ചു.
വെസ്റ്റ് ബാങ്കിൽ വ്യാപകമായി കൊലപാതകങ്ങളും അറസ്റ്റുകളും നടത്തുന്നത് ഇസ്രായേൽ ഇപ്പോഴും തുടരുകയാണ്. തീവ്രനിലപാടുള്ള ചില ഇസ്രായേലികൾ ഫലസ്തീനികളെ ആക്രമിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണ്. ഫലസ്തീനികൾക്ക് അവകാശപ്പെട്ട സ്ഥലത്തുവെച്ചാണ് ഇത്തരം ആക്രമണം നടത്തുന്നത്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ.
ഇസ്രായേൽ യുദ്ധനിയമങ്ങൾ പാലിക്കണം. ഗസ്സയിൽ സിവിലിയൻസിന് പിന്നിൽ ഒളിച്ചിരിക്കുകയാണ് ഹമാസ് ചെയ്യുന്നതെന്നും ബൈഡൻ കുറ്റപ്പെടുത്തി. നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂർണമായും തകർക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
യുദ്ധകാല മന്ത്രിസഭ മുഴുവൻ സമയവും പ്രവർത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിർത്തി കരയുദ്ധത്തിന്റെ വിവരങ്ങൾ പുറത്ത് വിടുന്നില്ല. എപ്പോൾ കരയുദ്ധം നടത്തണമെന്നതിൽ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, യു.എസ് അഭ്യർഥന പ്രകാരം ഗസ്സക്കു മേലുള്ള കരയാക്രമണം വൈകിപ്പിക്കാൻ ഇസ്രായേൽ സമ്മതിച്ചതായി യു.എസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ ബുധനാഴ്ച രാത്രി റിപ്പോർട്ട് ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാവിന്യാസത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുവരെ കരയധിനിവേശം വൈകിപ്പിക്കാനാണ് യു.എസ് അഭ്യർഥിച്ചത്. സിറിയയുമായും ഇറാനുമായും സംഘർഷം മുന്നിൽ കണ്ടാണ് ഈ മുൻകരുതലെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ഇസ്രായേൽ വീണ്ടും സിറിയയിൽ വ്യോമാക്രമണം നടത്തി. അലപ്പോ വിമാനത്താവള റൺവേ വീണ്ടും തകർന്നതായും എട്ടു സൈനികർ കൊല്ലപ്പെട്ടതായും സിറിയൻ ഗതാഗത മന്ത്രാലയ വക്താവ് സുലൈമാൻ ഖലീൽ അറിയിച്ചു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇസ്രായേൽ സിറിയയെ ലക്ഷ്യമിടുന്നത്. ഇസ്രായേൽ വിനോദസഞ്ചാരകേന്ദ്രമായ ഈലാത്തിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. 344 കുട്ടികൾ ഉൾപ്പെടെ ഗസ്സയിൽ ബുധനാഴ്ച 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊല്ലപ്പെട്ടവർ 6546 ആയി.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം