ന്യൂഡൽഹി: ഇന്ത്യയിലേക്ക് കനേഡിയൻ പൗരന്മാർക്ക് വ്യാഴാഴ്ച മുതൽ വീസ അനുവദിക്കും. 26 മുതൽ എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കർ വിസ സർവീസ് പുനരാരംഭിക്കുന്നത് ആലോചനയിലാണെന്ന് വ്യക്തമാക്കിയിരുന്നു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ ആശ്രയിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കഴിഞ്ഞ ദിവസം കേന്ദ്രവിദേശകാര്യ മന്ത്രാലയം കാനഡയെ അതൃപ്തി അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിവാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. ഇത് വിയന്ന കൺവെൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. ഇന്ത്യ നയതന്ത്ര സംരക്ഷണം പിൻവലിച്ചതിനെ തുടർന്നായിരുന്നു ഇത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നതിനാലാണ് ഇന്ത്യ വീസ നടപടികൾ നിർത്തിവച്ചിരുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലാവുമ്പോൾ വീസ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇ–വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിച്ചിരുന്നില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ ലഭിച്ചിരുന്നില്ല. സുരക്ഷാഭീഷണി മൂലം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണു വീസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം