ഇംഗ്ലണ്ടിനു പിന്നാലെ പാകിസ്താനെയും അട്ടിമറിച്ച് അഫ്ഗാന്‍; 8 വിക്കറ്റ് ജയം

 


ചെന്നൈ: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ പാകിസ്താനെയും പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. എട്ടുവിക്കറ്റിനാണ് അഫ്ഗാന്റെ ജയം. ഇതാദ്യമായാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ രണ്ട് വിജയം സ്വന്തമാക്കുന്നത്.

പാകിസ്താന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരു ഓവര്‍ ശേഷിക്കെ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത ചുരുങ്ങി. ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, റഹ്‌മത്ത് ഷാ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്.

 
 
283 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു അഫ്ഗാന്റേത്. റഹ്‌മാനുള്ള ഗുര്‍ബാസ് – ഇബ്രാഹിം സദ്രാന്‍ ഓപ്പണിങ് സഖ്യം 21.1 ഓവറില്‍ 130 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ അഫ്ഗാന്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയിരുന്നു. പിന്നാലെ 53 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 65 റണ്‍സെടുത്ത ഗുര്‍ബാസിനെ മടക്കി ഷഹീന്‍ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ റഹ്‌മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാകിസ്താന്‍ വീണ്ടും പ്രതിരോധത്തിലായി. ഇതിനിടെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സദ്രാനെ ഹസന്‍ അലി റസ്വാന്റെ കൈകളിലെത്തിച്ചു. 113 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 87 റണ്‍സെടുത്ത സദ്രാനാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റഹ്‌മത്ത് ഷാ – ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും കൂട്ടിച്ചേര്‍ത്ത 93 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. 84 പന്തുകള്‍ നേരിട്ട റഹ്‌മത്ത് ഷാ 77 റണ്‍സോടെയും 45 പന്തുകള്‍ നേരിട്ട ഷാഹിദി 48 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് – ഇമാം ഉള്‍ ഹഖ് (17) സഖ്യം 56 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഇമാമിനെ പുറത്താക്കി അസ്മതുള്ള ഒമര്‍സായ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം 54 റണ്‍സ് കൂടി ചേര്‍ത്ത് ഷെഫീഖും കൂടാരം കയറി. നൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ ഷെഫീഖ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. നാലാമനായെത്തിയ മുഹമ്മദ് റിസ്‌വാന്‍ (8) നിരാശപ്പെടുത്തി. സൗദ് ഷക്കീലിനും (25) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സെഞ്ചുറി നേടുമെന്ന തോന്നിച്ച ബാബറിനെ നൂര്‍ മടക്കി. 92 പന്തുകള്‍ നേരിട്ട ബാബര്‍ ഒരു സിക്‌സും നാല് ഫോറും നേടി. ഇതോടെ പാകിസ്ഥാന്‍ 41.5 ഓവറില്‍ അഞ്ചിന് 206 എന്ന നിലയിലായി. 

എന്നാല്‍ ഷദാബ് – ഇഫ്തിഖര്‍ സഖ്യത്തിന്റെ പോരാട്ടം ഭേദപ്പെട്ട പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 73 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 27 പന്തുകള്‍ നേരിട്ട ഇഫ്തിഖര്‍ നാല് സിക്‌സും രണ്ട് ഫോറും നേടി. ഷദാബിന്റെ അക്കൗണ്ടില്‍ ഓരോ സിക്‌സും ഫോറുമുണ്ടായിരുന്നു. അവസാന പന്തില്‍ ഷദാബും മടങ്ങി. ഷഹീന്‍ അഫ്രീദി (3) പുറത്താവാതെ നിന്നു. നൂര്‍ അഹമ്മദിന് പുറമെ നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം