ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായിരുന്ന ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി. ബി.എസ് ചന്ദ്രശേഖർ, എസ്. വെങ്കട്ടരാഘവൻ, ഏരപ്പള്ളി പ്രസന്ന എന്നിവർക്കൊപ്പം ഇന്ത്യയുടെ സ്പിൻ ബൗളിങ് പെരുമയ്ക്കു തുടക്കമിട്ടവരില്‍ ബേദിയുമുണ്ട്. 1
1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്. 10 ഏകദിനങ്ങളില്‍ കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്.
പഞ്ചാബിലാണു ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടി കളിച്ചാണു ശ്രദ്ധ നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽനിന്നായി 1,560 വിക്കറ്റുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിലും നിർണായക പങ്കുവഹിച്ചു ചരിത്രത്തിന്റെ ഭാഗമാകാന്‍ ഭാഗ്യമുണ്ടായി. 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിലായിരുന്നു അത്.
1946 സെപ്തംബര്‍ 25-ന് അമൃത്സറില് ജനിച്ച ബേദി ഇടംകൈയന്‍ ഓര്‍ത്തഡോക്സ് സ്പിന്നറായിരുന്നു. 1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു.
1990ൽ ഇന്ത്യയുടെ ന്യൂസിലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ടീം മാനേജറായിരുന്നു. ദേശീയ സെലക്ടറുമായിട്ടുണ്ട്. മനീന്ദർ സിങ്, മുരളി കാർത്തിക് ഉൾപ്പെടെ നിരവധി സ്പിൻ താരങ്ങളെ ഇന്ത്യയ്ക്കു സമ്മാനിച്ചയാള്‍കൂടിയാണ് ബിഷന്‍ സിങ് ബേദി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം