ന്യൂഡൽഹി: കാനഡ ഇന്ത്യയുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടുവെന്നും നയതന്ത്ര പ്രതിനിധികളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കാരണം ഇതാണെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ല. സർവീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നല്കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡ ഇതിനകം തന്നെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഇന്ത്യ- കാനഡ തർക്കം തുടങ്ങിയ ശേഷം ഇതാദ്യമായാണ് എസ് ജയശങ്കർ ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കൺവെൻഷന്റെ ലംഘനമെന്ന പ്രതികരണം നൽകി. അമേരിക്കൻ പിന്തുണ കിട്ടിയ സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്നലെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഈ സമ്മർദം കാര്യമാക്കുന്നില്ലെന്നാണ് ജയശങ്കറിന്റെ നിലപാട്.
ഉദ്യോഗസ്ഥരെ കുറച്ചത് രാജ്യത്തെ കാര്യങ്ങളിൽ ഇടപെട്ടത് കൊണ്ടെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നില്ക്കുകയാണ്. കർഷകസമരം ഉൾപ്പടെയുള്ള വിഷയങ്ങളാണ് വിദേശകാര്യമന്ത്രി ഉദ്ദേശിക്കുന്നത്. എല്ലാ തെളിവുകളും വൈകാതെ പുറത്തുവിടുമെന്ന സന്ദേശവും ജയശങ്കർ നൽകുന്നു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് നിറുത്തി വച്ചത് താല്ക്കാലികമായാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പായാലേ ഇത് പുനസ്ഥാപിക്കൂ എന്നും ജയശങ്കർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















