ദേവഗൗഡയുടെ പ്രസ്താവനയോടെ കേരളത്തിലെ മുഖ്യമന്ത്രിയേയും മുന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയേയും ബന്ധപ്പെടുത്തിയത് ബിജെപി നേതാക്കളാണെന്ന് വ്യക്തം ; ആരോപണവുമായി വിഡി സതീശന്‍

തിരുവനന്തപുരം: ദേവഗൗഡയുടെ പ്രസ്താവനയോടെ കേരളത്തിലെ മുഖ്യമന്ത്രിയേയും മുന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയേയും ബന്ധപ്പെടുത്തിയത് ബിജെപി നേതാക്കളാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയുമായി അവിഹിത ബന്ധം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് അടിവരയിടുന്നതാണ് ഈ വെളിപ്പെടുത്തല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ഭരണത്തിലും കാരണമായത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ടാണ്. മാത്രമല്ല, സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കേസുകളെല്ലാം വഴിയില്‍ വെച്ച് അവസാനിപ്പിച്ചത് ബിജെപി സിപിഎം കൂട്ടുകെട്ടു മൂലമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു.

ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായി കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യാ മുന്നണിക്ക് രൂപം കൊടുത്തപ്പോള്‍ അതിന്റെ കൂടെയാണ് സിപിഎമ്മിന്റെയും സിപിഐയുടേയും ദേശീയ നേതൃത്വങ്ങള്‍ നിലകൊണ്ടത്. എന്നാല്‍ കേരളത്തിലെ സിപിഎം നേതൃത്വം ഇടപെട്ട് ഇന്ത്യാ മുന്നണിയില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന്, കേന്ദ്രനേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എടുപ്പിക്കുകയായിരുന്നു.

ബിജെപി വിരട്ടി നിര്‍ത്തിയിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതുകൊണ്ടാണ് കേരളത്തിലെ സിപിഎം നേതൃത്വം ഇന്ത്യ മുന്നണിയില്‍ ചേരുന്നതിനെ എതിര്‍ത്തത്. ബിജെപിയും സംഘപരിവാര്‍ ശക്തികളും കേരളത്തിലെ സര്‍ക്കാരിനെ ഭയപ്പെടുത്തി വിരല്‍ത്തുമ്പില്‍ നിര്‍ത്തിയിരിക്കുകയാണ്. തൃശൂരില്‍ നടക്കുന്ന ഇഡി അന്വേഷണവും മറ്റൊരു സെറ്റില്‍മെന്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

തൃശൂര്‍ ലോക്‌സഭ സീറ്റില്‍ സെറ്റില്‍മെന്റ് ഉണ്ടാകുന്ന അവസ്ഥയിലേക്ക് പോകുമോയെന്ന് പ്രതിപക്ഷം ഭയപ്പെടുന്നു. കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ബിജെപി മുന്നണിയില്‍പ്പെട്ട ഒരു മന്ത്രി ഇരിക്കുന്നു. എന്തൊരു നാണംകെട്ട കാര്യമാണിത്. ബിജെപി സഖ്യത്തെ എതിര്‍ത്ത ഇഎം ഇബ്രാഹിമിനെ ദേവഗൗഡ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ എതിര്‍ത്ത കേരളഘടകത്തിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

കാരണം ദേവഗൗഡ പറഞ്ഞത് സത്യമാണ്. കേരള ഘടകം ബിജെപിയുമായി ചേര്‍ന്നതിനെ പിന്തുണയ്ക്കുകയും, അവരെ മന്ത്രിസഭയില്‍ നിലനിര്‍ത്താമെന്ന് പിണറായി വിജയന്‍ ദേവഗൗഡയ്ക്ക് വാക്കുകൊടുത്തിട്ടുണ്ട്. അല്ലാതെ, എന്‍ഡിഎ മുന്നണിയില്‍ അംഗമായ ഒരു പാര്‍ട്ടിയുടെ പ്രതിനിധി കേരളത്തിലെ ഇടതുമുന്നണിയില്‍ ഇരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സതീശന്‍ ചോദിച്ചു.

മന്ത്രി കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായില്ല. എന്‍ഡിഎ പ്ലസ് എല്‍ഡിഎഫ് ആണ് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷം പരിഹസിച്ചിട്ടും മുഖ്യമന്ത്രി ഒരു പ്രതികരണവും നല്‍കിയില്ല. ഇതോടെ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും ശരിയായ മുഖം വെളിപ്പെട്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം