ചെന്നൈ: ലോകകപ്പ് മത്സരത്തില്‍ ന്യൂസിലാന്റിന് മിന്നും ജയം. അഫ്ഗാനിസ്താനെ 149 റണ്‍സിന് തകര്‍ത്ത് തുടര്‍ച്ചയായ നാലാം മത്സരത്തിലും ന്യൂസീലന്‍ഡ് വിജയമാഘോഷിച്ചു.
കിവീസ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന് 34.4 ഓവറില്‍ 139 റണ്‍സിന് ഓള് ഔട്ടായി. ഈ വിജയത്തോടെ ന്യൂസീലന്‍ഡ് പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ആറു വിക്കറ്റിന് 288 റണ്ണടിച്ചു. ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് 139 റണ്ണിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ്വീതം വീഴ്ത്തിയ സ്പിന്നര്‍ മിച്ചല്‍ സാന്റ്നറിന്റെയും പേസര്‍ ലോക്കി ഫെര്‍ഗൂസന്റെയും മാരകബൗളിങ്ങാണ് അഫ്ഗാനെ 34.4 ഓവറില്‍ ചുരുട്ടിക്കെട്ടാന്‍ കിവീസിനെ സഹായിച്ചത്.
ന്യൂസിലന്‍ഡിനായി ഓപ്പണര്‍ വില്‍ യംഗ്(54), ക്യാപ്ടന് ടോം ലാതം(68), ഗ്ലെന്‍ ഫിലിപ്സ്(71) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. മാര്‍ക്ക് ചാപ്മാന്(25),രചിന് രവീന്ദ്ര(32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഒരു ഘട്ടത്തില്‍ 41 ഓവറില്‍ 200ല്‍ താഴെയായിരുന്ന സ്കോര്‍ പൊരുതാവുന്ന നിലയിലെത്തിച്ചത് അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സ് നടത്തിയ കടന്നാക്രമണമാണ്. 80 പന്തില്‍ നാലുവീതം സിക്സും ഫോറും പറത്തി 71 റണ്ണടിച്ച് ഫിലിപ്സാണു കളിയിലെ കേമന്‍.
അഫ്ഗാനായി അഷ്മത്തുള്ള, നവീന്‍ ഉള് ഹഖ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും റഷീദ് ഖാന്, മുജീബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് 43 റണ്‍സെടുക്കുന്നതിനിടെത്തന്നെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
പിന്നീട് അഷ്മത്തുള്ള ഒമര്‍സായിയെ കൂട്ടുപിടിച്ച് റഹ്മത്ത് ഷാ നടത്തിയ രക്ഷാപ്രവര്‍ത്തനം അവരെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ടീം സ്കോര്‍ 97ല്‍ നില്ക്കുമ്പോള് ഒമര്‍സായിയെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.
തുടര്‍ന്ന് അധികം വൈകാതെ റഹ്മത്ത് ഷായും പുറത്തായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും പിടിച്ചു നില്ക്കാനാവാതെ വന്നതോടെ അഫ്ഗാന് ഇന്നിംഗ്സ് 34.4 ഓവറില്‍ 139ല്‍ അവസാനിക്കുകയായിരുന്നു.
ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്നര്‍, ലോക്കി ഫെര്ഗൂസന് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് രണ്ടും മാറ്റ് ഹെൻറി,രചിന് രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം