ആലപ്പുഴ :കേരളത്തിന്റെ സർവതോന്മുഖമായ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ സഹകരണമേഖല ഒരു ബാങ്കിങ്ങ് സംവിധാനത്തിനപ്പുറം സാധാരണക്കാരന്റെ ജീവിതത്തിന്റെ വൈവിധ്യമാർന്ന ഇടങ്ങളിൽ സ്വാധീനം ചെലുത്തുകയും, അതോടൊപ്പം തന്നെ നമ്മുടെ നാടിന്റെ വികസനത്തിലും,ദാരിദ്ര്യ നിർമാർജനത്തിലും നെടുംതൂണായും മാറിയിട്ടുണ്ട്.ഇങ്ങനെ സാർവ്വലോകാംഗീകൃതമായ നമ്മുടെ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിനും അതിന്റെ വിശ്വാസ്യതയെ ഹനിച്ച് അതു വഴി കേരളത്തിലെ ഗവൺമെന്റിനെ അട്ടിമറിക്കുക എന്ന ലക്ഷ്യവും ഇടതു രാഷ്ട്രീയത്തെ ശിഥിലമാക്കുകയെന്ന അജണ്ടയും സംഘപരിവാരത്തിന്റെ നീക്കങ്ങൾക്ക് പുറകിലുണ്ട്.
കേരളത്തിലെ സാമൂഹ്യ ജീവിതത്തെ സാമ്പത്തികമായി തകർത്ത് ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുകയെന്ന മറ്റൊരു അജണ്ട കൂടി സഹകരണ മേഖലക്കെതിരായ നീക്കങ്ങളുടെ പിറകിലുണ്ട്. ഇടതുപക്ഷ രാഷ്ട്രീയവും, സംഘപരിവാര വർഗീയതയെ പ്രതിരോധിക്കുന്ന കേരളത്തിന്റെ ഇടതു ബദൽ ഗവൺമെന്റിന്റെ വികസനവും, മുന്നേറ്റവും ബിജെപിയെ വല്ലാതെ അസ്വസ്ഥമാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ലക്ഷ്യമാക്കിയിട്ടുള്ള പ്രതികാരനടപടികൾ.
ഇടതു രാഷ്ട്രീയത്തിന്റെ ജനകീയതയും സഹകരണപ്രസ്ഥാനവും തമ്മിൽ ഇഴചേർന്നിരിക്കുന്നതും, സഹകരണമേഖലയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നിക്ഷേപം കേരളത്തിൽ ആണെന്നതും ബിജെപിയെ പ്രകോപിതരാക്കുന്നുണ്ട്.
കേരളത്തിലാകെ 16,255 സഹകരണ സ്ഥാപനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. അതിൽ തന്നെ 202 സ്ഥാപനങ്ങളും യുഡിഎഫിന്റെ നേതൃത്വത്തിലുള്ളതാണ്. കൂടാതെ ബിജെപി ഭരണത്തിലിരിക്കുന്ന സഹകരണ സ്ഥാപനങ്ങളും പട്ടികയിലുണ്ട്. കരുവന്നൂർ ഉൾപ്പെടെ
അപൂർവ്വം ചിലയിടങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ശക്തമായ നടപടികൾ സ്വീകരിക്കുന്ന നിലപാടാണ് ഇടതുപക്ഷവും സംസ്ഥാന ഗവൺമെന്റും ഉയർത്തിപ്പിടിച്ചത്. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ സ്വാഗതാർഹമാണ്.കടുത്ത ഇരട്ടത്താപ്പാണ് ഇ ഡി യും മറ്റ് ദേശീയ അന്വേഷണ ഏജൻസികളും ചെയ്തുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുന്ന വെറും ഏഴാംകൂലികളായി രാജ്യത്തെ ദേശീയ അന്വേഷണ ഏജൻസികൾ മാറിയിരിക്കുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ രംഗത്തും അല്ലാതെയുമുള്ള അഴിമതികളുടെ ഘോഷയാത്ര ED കണ്ടില്ലെന്ന് നടിക്കുന്നു. അവയൊന്നും അന്വേഷിക്കാനോ നടപടിയെടുക്കാനോ ഇഡി തയ്യാറാകുന്നില്ല.
കേരളത്തിൽ തന്നെ ഇടതുപക്ഷം നേതൃത്വം നൽകുന്ന സഹകരണ ഭരണ സമിതികളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പലയിടത്തും ബിജെപി രാഷ്ട്രീയം പേറുന്ന കോണ്ഗ്രസും
ഇ.ഡിയും അന്വേഷണ നാടകങ്ങൾ തുടക്കം കൊടുക്കുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ ബിജെപിയുമായി കൈകോർത്ത് ഇ ഡി യെ ആനയിച്ച്
കേരളത്തിന്റെ സഹകരണമേഖലക്ക് എതിരായ നീക്കങ്ങളിൽ വർഗീയ ശക്തികളുമായി കൈ കോർക്കുകയാണ്.ഇ ഡി യെ സംബന്ധിച്ച് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം അതിരൂക്ഷമായ വിമർശനം ഉന്നയിക്കുന്ന കാലഘട്ടത്തിലാണ് കേരളത്തിലെ കോൺഗ്രസ് ഇ ഡി ക്ക് കുടപിടിക്കുന്നത്.
സഹകരണ മേഖലയിൽ എവിടെയെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ രാഷ്ട്രീയത്തിന് അതീതമായി അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യണം എന്നതിൽ തർക്കമില്ല. എന്നാൽ ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തിന്റെ മറവിൽ കേരളത്തിന്റെ സഹകരണ മേഖലയെ ഒന്നാകെ തകർക്കാനുള്ള ലക്ഷ്യംവെച്ച് അതിനും അതുവഴി ഇടതു രാഷ്ട്രീയത്തെ ആക്രമിക്കുന്നതിനും ബിജെപി – ഇ ഡി – യു ഡിഎഫ് കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന
ആസൂത്രിത നീക്കം എന്തുവിലകൊടുത്തും ചെറുക്കേണ്ടതുണ്ട് .
കേരളത്തിലെ പൊതു-ജന- സാമാന്യത്തിന്റെ ജനകീയ സാമ്പത്തിക ഇടപാടുകളെ നവ /വാണിജ്യ ദേശസാൽകൃത ലാഭ കേന്ദ്രീകൃത നവ ബാങ്കിംഗ് മേഖലയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിനുള്ള മുതലാളിത്ത താൽപര്യങ്ങളും
ഈ നീക്കത്തിന് പുറകിലുണ്ടെന്ന് നാം തിരിച്ചറിയണം.
കേരളത്തിന്റെ സഹകരണപ്രസ്ഥാനങ്ങളെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 19 ന് ആലപ്പുഴ ഇൻകം ടാക്സ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ, സെക്രട്ടറി ജയിംസ് ശമുവേൽ എന്നിവർ പറഞ്ഞു.മാർച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം