മുംബൈ: രാജ്യത്തെ മുൻനിര സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്കിന് 12.2 കോടി രൂപ പിഴ ചുമത്തി ആർബിഐ. തട്ടിപ്പ് റിപ്പോർട്ട് ചെയ്യാതിരുന്നതിനും വായ്പാ നിയമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ബാങ്കിന് മേൽ പിഴ ചുമത്തിയത്.
ധനകാര്യ സ്ഥാപനങ്ങൾക്ക് മേൽ ആർബിഐ പിഴ ചുമത്തിയതിയതിൽ വച്ച് ഏറ്റവും വലിയ തുകയാണിതെന്നും റിപ്പോർട്ടുകളിലുണ്ട്. വാഹന വായ്പയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി എച്ച്ഡിഎഫ്സി ബാങ്കിന് ആർബിഐ ചുമത്തിയ 10 കോടി രൂപയായിരുന്നു ഇതിന് മുൻപുണ്ടായിരുന്ന റിക്കാർഡ് പിഴത്തുക.
മാനദണ്ഡങ്ങൾ ലംഘിച്ചതിന് കൊട്ടക് മഹീന്ദ്ര ബാങ്കിനും ആർബിഐ നാലു കോടി രൂപ പിഴ ചുമത്തിയിരുന്നു. മാത്രമല്ല നടപ്പ് സാമ്പത്തിക വർഷം വിവിധ സ്വകാര്യ ബാങ്കുകളിൽ നിന്നും ആകെ പിഴയായി ഈടാക്കിയത് 12.17 കോടി രൂപയാണെന്നും റിപ്പോർട്ടുകളിലുണ്ട്. 2020, 2021 എന്നീ വർഷങ്ങളിൽ ഐസിഐസിഐ ബാങ്കിൽ നടന്ന ഇടപാടുകൾ ആർബിഐ പരിശോധിച്ചിട്ടുണ്ട്.
അക്കാലയളവിലെ ബാങ്കിന്റെ സാമ്പത്തികസ്ഥിതി പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആർബിഐയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് രണ്ട് ഡയറക്ടർമാർ ബോർഡ് സ്ഥാനങ്ങൾ വഹിക്കുന്ന കമ്പനികൾക്ക് ബാങ്ക് വായ്പ നൽകിയതായി ആർബിഐയുടെ പരിശോധനയിൽ തെളിഞ്ഞു.
ഐസിഐസിഐ ബാങ്കിൽ നടന്ന തട്ടിപ്പുകൾ ആർബിഐ അധികൃതരെ യഥാസമയം അറിയിക്കുന്നതിലും ബാങ്ക് വീഴ്ച വരുത്തിയെന്നും വ്യക്തമായിട്ടുണ്ട്. ഇത്തരം ക്രമക്കേടുകൾ വ്യക്തമായതോടെ ബാങ്കിന് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം