ലോകകപ്പ് ക്രിക്കറ്റിൽ വീണ്ടും അട്ടിമറി. കരുത്തരായ ദക്ഷിണാഫ്രിക്കയെ, നെതർലൻഡ്സ് അട്ടിമറിച്ചത് 38 റൺസിന്.ഇതോടെ ട്വൻ്റി 20 ലോകകപ്പിന് പിന്നാലെ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചെന്ന അപൂർവ്വ നേട്ടവൂം നെതർലൻഡ്സിന് സ്വന്തമായി.സ്കോര്‍ – നെതര്‍ലന്‍ഡ്സ് 245/8(43). ദക്ഷിണാഫ്രിക്ക207(42.4).
43 ഓവറിൽ 246 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ പിടിച്ചു നില്ക്കാൻ നെതർലൻഡ്സ് അനുവദിച്ചില്ല. 36 ൽ ആദ്യ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ക്വിൻ്റൺ ഡി കോക്ക് 20 നും, ക്യാപ്റ്റൻ തെംബ ബാവുമ 16 നും, വാൻഡർ ദസൻ 4 നും, എയ്ഡൻ മാർക്രം 1 റൺസിനും പുറത്തായി.
44 ന് നാല് എന്ന നിലയിലായ ദക്ഷിണാഫ്രിക്കയെ ഹെൻറിച്ച് ക്ലാസ്സൻ 28 (28) കളിയിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ലോഗൻ വാൻ ബീക്കിൻ്റെ പന്തിൽ പുറത്തായി.ഒരറ്റത്ത് പിടിച്ചു നിന്ന ഡേവിഡ് മില്ലറിലായി പിന്നീട് പ്രതീക്ഷ. എന്നാൽ വാൻ ബീക്ക് പിന്നെയും രക്ഷകനായി, മില്ലർ 43 ( 52 ) ക്ലീൻ ബൗൾഡ്. മില്ലർ തന്നെയാണ് ടോപ്പ് സ്കോററും.
പിന്നീട് രണ്ട് ഫോറും ഒരു സിക്സുമായി ജെറാൾഡ് കോട്സെ 22 (23) പൊരുതിയെങ്കിലും ബാസ് ഡി ലീഡ് കോട്സെയെ, ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സിൻ്റെ കൈകളിൽ എത്തിച്ചു. കൂറ്റൻ അടിക്ക് ശ്രമിച്ച റബാദയേയും ലീഡ് പുറത്താക്കി, സ്കോർ – 166/9.
അവസാന വിക്കറ്റിൽ കേശവ് മഹാരാജ് ഏതാനും ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും അത് പരാജയ ഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ. ഒടുവില്‍ മഹാരാജിനെ 40(37) പുറത്താക്കി വാന്‍ ബീക്ക് നെതര്‍ലന്‍ഡ്സിന് വിജയം സമ്മാനിച്ചു.നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്ക് മൂന്നും വാൻഡർ മെർവ്, പോൾ വാൻ മീക് രേൻ, ബാസ് ഡി ലീഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തേ മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ എട്ടാം വിക്കറ്റില്‍ ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സും, വാൻ ഡർ മെർവും ചേർന്നെടുത്ത 64 റൺസ് കൂട്ടുകെട്ടാണ് നെതർലൻഡ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് നെതര്‍ലന്‍ഡ്സ് 245 റണ്‍സെടുത്തത്.
ടോസ് നേടി നെതർലൻഡ്സിനെ ബാറ്റിംഗിനയച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമയുടെ പ്രതീക്ഷയ്ക്കൊത്ത് ബൗളർമാർ പന്തെറിഞ്ഞതോടെ 33.5 ഓവറിൽ 140 ന് ഏഴ് എന്ന നിലയിലായി നെതർലൻഡ്സ്. തുടർന്നാണ് 64 റൺസിൻ്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാവുന്നത്.
19 പന്തിൽ 29 റൺസിൽ നില്ക്കവേ വാൻ ഡർ മെർവിനെ പുറത്താക്കി ലുംഗി എൻഗിഡി കൂട്ട് കെട്ട് പൊളിച്ചു.പിന്നീട് പത്താമനായി ഇറങ്ങിയ ആര്യൻ ദത്തിൻ്റെ തകർപ്പൻ അടികളാണ് സ്കോർ 245 ൽ എത്തിച്ചത്. 9 പന്തിൽ പുറത്താകാതെ മൂന്ന് സിക്സറുകൾ സഹിതം 23 റൺസാണ് ആര്യൻ അടിച്ചെടുത്തത്.ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സ് 63 പന്തിൽ 78 റൺസുമെടുത്തു പുറത്താകാതെ നിന്നു.അവസാന അഞ്ച് ഓവറുകളിൽ 47 റൺസാണ് നെതർലൻഡ്സ് അടിച്ചുകൂട്ടിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എൻഗിഡി, കഗീസോ റബാദ, മാർക്കോ ജാൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം