ലഖ്നൗ: 2023 ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരേ അഞ്ചു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 209 റൺസിൽ ചുരുട്ടിക്കെട്ടിയ ശേഷം 14.4 ഓവർ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനാണ് ഓസീസ് വിജയം. നാലു വിക്കറ്റുമായി ആദം സാംപയാണ് ശ്രീലങ്കയെ ചെറിയ സ്കോറിലൊതുക്കാൻ മുന്നിൽനിന്നത്. മറുപടി ബാറ്റിങ്ങിൽ ഓപണർ മിച്ചൽ മാർഷും(52) ജോഷ് ഇംഗ്ലിസും(58) ഓസീസ് വിജയം അനായാസമാക്കുകയും ചെയ്തു.
നാലാം ഓവറിൽ ഡേവിഡ് വാർണറും (11) സ്റ്റീവ് സ്മിത്തും (പൂജ്യം) വിക്കറ്റിനു മുന്നിൽ കുരുങ്ങി കൂടാരം കയറി. അർധസെഞ്ച്വറിക്കു പിന്നാലെ മാർഷ് (52) വീണെങ്കിലും ലബുഷൈനും അഞ്ചാമനായെത്തിയ ജോഷ് ഇംഗ്ലിസും ലങ്കയുടെ പ്രതീക്ഷകൾ തകർത്തു. ഇടയ്ക്ക് ലബുഷൈനെ(40) കൂടി വീഴ്ത്തി മധുഷങ്ക മൂന്നാം വിക്കറ്റും സ്വന്തമാക്കി. പിന്നാലെ ഇംഗ്ലിസ് അർധസെഞ്ച്വറി പിന്നിട്ടു. വെല്ലാലഗെ ഇംഗ്ലിസിനെ (58) പുറത്താക്കിയെങ്കിലും മാക്സ്വെല്ലും (21 പന്തിൽ 31) മാർക്കസ് സ്റ്റോയ്നിസും (10 പന്തിൽ 20) ചേർന്ന് ഓസീസിനെ വിജയ തീരത്തെത്തിച്ചു.
ശ്രീലങ്കയ്ക്കായി ദില്ഷന് മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ഓസ്ട്രേലിയക്കെതിരേ ലഭിച്ച മികച്ച തുടക്കം കളഞ്ഞുകുളിച്ച ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. പാത്തും നിസ്സങ്കയും(61) കുശാൽ പെരേരയും(78) ചേർന്ന് നല്ല തുടക്കമാണ് ലങ്കയ്ക്ക് നൽകിയത്. ഇടയ്ക്കു വന്ന മഴ ശരിക്കും വില്ലനായി. മഴയ്ക്കുശേഷം ഓസീസ് നായകൻ പാറ്റ് കമ്മിൻസ് രണ്ട് ഓപണർമാരെയും തിരിച്ചയച്ചു. പിന്നീട് നായകൻ ബാറ്റൺ സാംപയ്ക്ക് കൈമാറുകയായിരുന്നു. ചാരിത് അസലങ്കയ്ക്കു മാത്രമാണ് ശ്രീലങ്കൻ നിരയിൽ പിന്നീട് രണ്ടക്കം കാണാനായത്.
നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ലങ്കയുടെ മധ്യനിര തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം