തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും.
12 ജില്ലകളിലാണ് മഴമുന്നറിയിപ്പ് നസ്കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ടുമാണ്.
രാത്രിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മഴ കനക്കുമെന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് കൂടുതൽ തീവ്ര ന്യൂനമർദ്ദമായി മാറും.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 89.87 ലക്ഷത്തിന്റെ കൃഷിനാശമാണുണ്ടായത്. 438 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 234.05 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്.
വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരിച്ചീനി, 0.20 ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്.
ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. 875 പേരാണ് ക്യാമ്പുകളിൽ പാർപ്പിക്കേണ്ടി വന്നത്. തിരുവനന്തപുരം താലൂക്കിൽ മാത്രം 16 ക്യാമ്പുകളാണ് തുറന്നിരുന്നത്. ജില്ലയിൽ 6 വീടുകൾ പൂർണ്ണമായും 11 വീടുകൾ ഭാഗികമായും തകർന്നിരുന്നു.
തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. മുന്നറിയിപ്പിൽ അപാകതയുണ്ടായെന്ന മന്ത്രി ആൻറണി രാജുവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാജൻ തിരുവനന്തപുരത്ത് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം