കേരളം ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതി സര്‍ക്കാര്‍; കൊള്ളക്കാരുടെ ഭരണത്തെ ജനകീയ വിചാരണ ചെയ്യും; കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചത് സി.പി.എം ജില്ലാ കമ്മറ്റി: വി. ഡി സതീശൻ

തിരുവനന്തപുരം:എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ യു.ഡി.എഫ് ആരംഭിച്ച സമരത്തിന്റെ ഭാഗമായി ഈ മാസം 18-ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന സമരത്തിന്റെ ഭാഗമായാണ് ഉപരോധം. എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള വോളന്റിയര്‍മാര്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തന്നെ തിരുവനന്തപുരത്തെത്തും. 

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. എ.ഐ ക്യാമറ, കെഫോണ്‍ അഴിമതികളും മാസപ്പടി വിവാദവും അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് കരുവന്നൂര്‍ ബാങ്ക് കൊള്ളയിലെ ഒന്നാം പ്രതി സി.പി.എമ്മാണെന്ന് ഇ.ഡിയുടെ പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് ഓര്‍ഡറില്‍ പറയുന്നത്. സി.പി.എം ഉപസമിതിയുടെ നേതൃത്വത്തിലാണ് കരുവന്നൂരില്‍ കൊള്ള നടത്തിയത്. ഉപസമിതിയുടെ അംഗീകാരത്തോടെയാണ് ബിനാമികള്‍ക്ക് 188 കോടിയുടെ വായ്പ നല്‍കി 344 കോടിയുടെ ബാധ്യത വരുത്തിവച്ചത്. ഭരണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും കൊള്ളയാണ് നടത്തുന്നതെന്ന യു.ഡി.എഫ് ആരോപണം അടിവരയിടുന്ന കാര്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുമെന്നതു പോലെ അഴിമതിക്കുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്ന കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. കരുവന്നൂരില്‍ ഉള്‍പ്പെടെ അഴിമതി മൂടിവയ്ക്കാനാണ് സി.പി.എം ശ്രമിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ സി.പി.എം ജില്ലാ കമ്മിറ്റിയാണ് കരുവന്നൂരിലെ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത്.
ഭരണപരമായ കെടുകാര്യസ്ഥതയില്‍ ഇത്രയും നിഷ്‌ക്രിയമായൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ഗുരുതര ധനപ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ശമ്പളം കൊടുക്കാനുള്ള പണം പോലും ഇല്ലാത്ത അവസ്ഥയാണ്. നികുതി പിരിവിലും ദയനീയമായി പരാജയപ്പെട്ടു. നികുതിവെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്. ധനപ്രതിസന്ധിയുടെ ആഘാതം സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ന്നു. കെ.എസ്.ഇ.ബി.യില്‍ അഴിമതി നടത്തുന്നതിന് വേണ്ട് റെഗുലേറ്ററി കമ്മിഷനും സര്‍ക്കാരും ഒത്തുകളിച്ച് യു.ഡി.എഫ് കാലത്തുണ്ടാക്കിയ വൈദ്യുത കരാര്‍ റദ്ദാക്കി. ഇതിലൂടെ 750 കോടിയുടെ നഷ്ടമാണുണ്ടായത്. കരാര്‍ റദ്ദാക്കുകയും പുനസ്ഥാപിക്കുകയും ചെയ്ത കാലയളവില്‍ ആയിരം കോടി രൂപയുടെയെങ്കിലും നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാരവും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പുക്കുകയാണ്.
അഴിമതിയും ഭരണപരമായ കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കിട്ടാവുന്ന സ്ഥലങ്ങളിലൊക്കെ പിന്‍വാതില്‍ നിയമനം നടത്തുകയാണ്. കിലെയിലെ നിയമനത്തിന് പിന്നാലെ ഡയറ്റില്‍ ഡെപ്യൂട്ടേഷന് വന്ന അധ്യാപകരെയും സ്ഥിരപ്പെടുത്തുകയാണ്. കോടതി വിധികളെയും സര്‍ക്കാര്‍ ഉത്തരവുകളെയും കാറ്റില്‍പ്പറത്തി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നത്.
സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം. അത് സി.പി.എമ്മിന്റെ ചെലവിലാണ് നടത്തേണ്ടത്. കോക്ലിയാര്‍ ഇംപ്ലാന്റേഷനും ഉച്ചഭക്ഷണത്തിനും ഉള്‍പ്പെടെ പണമില്ലാത്ത സര്‍ക്കാരാണ് കേരളീയത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത്. ഡിസംബറില്‍ 140 നിയോജകമണ്ഡലങ്ങളിലും കൊള്ളക്കാരുടെ സര്‍ക്കാരിനെ യു.ഡി.എഫ് ജനകീയ കോടതിയില്‍ വിചാരണ ചെയ്യും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമരവുമാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്.
മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിലെ പ്രതികളെല്ലാം സി.പി.എം- സി.പി.ഐ നേതാക്കളാണ്. എന്നിട്ടും മുഖ്യമന്ത്രി വായില്‍ േേതാന്നിയത് വിളിച്ച് പറയരുത്. കൈക്കൂലി ആരോപണത്തിലല്ല, ആരോപണവിധേയന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. അതുകൊണ്ടു തന്നെ അന്വേഷണത്തില്‍ ദുരൂഹതയുണ്ട്. ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയത് സി.പി.എം നേതാവാണ്. മന്ത്രിയുടെ പി.എ നിരപരാധിയാണെങ്കില്‍ പ്രതികള്‍ മന്ത്രിയുടെ ഓഫീസില്‍ എന്തിനാണ് പരാതി നല്‍കിയത്? എന്തുകൊണ്ടാണ് ഈ പരാതിയില്‍ അന്വേഷണം നടത്താത്തത്? മന്ത്രിയുടെ പി.എസിന് പരാതി നല്‍കുമെന്ന് കേസിലെ പ്രതിയായ ബാസിത് മന്ത്രിയുടെ പി.എ അഖില്‍ മാത്യുവിന്റെ ഫോണിലേക്ക് അയച്ച മെസേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇക്കാര്യം അഖില്‍ മാത്യു എന്തുകൊണ്ടാണ് മന്ത്രിയെ അറിയിക്കാതിരുന്നത്? ബാസിത് ആണ് തട്ടിപ്പ് നടത്തിയതെങ്കില്‍ അയാള്‍ എന്തിനാണ് പി.എയ്ക്ക് മെസേജ് അയച്ചത്? ഈ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. പ്രതികളെല്ലാം താമസിച്ചത് സി.പി.ഐ എം.എല്‍.എയുടെ മുറിയിലാണ്. മന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ സി.പി.എമ്മുകാരും സി.പി.ഐക്കാരും ഗൂഡാലോചന നടത്തിയെങ്കില്‍ അത് അന്വേഷിക്കണം. ഇക്കാര്യങ്ങളിലൊന്നും അന്വേഷണമില്ല. കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണോ അന്വേഷണത്തിലാണോ ഗൂഡാലോചന നടന്നതെന്നാണ് അന്വേഷിക്കേണ്ടത്. പ്രതിപ്പട്ടികയില്‍ ഒരു കോണ്‍ഗ്രസുകാരന്‍ പോലുമില്ല. ഒരു ബി.ജെ.പിക്കാരനുണ്ട്. എന്നിട്ടാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിച്ചത്?
കോണ്‍ഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ട. എ.കെ.ജി സെന്ററില്‍ ചോദിച്ചിട്ടല്ല കെ.പി.സി.സി യോഗത്തിലേക്ക് ആരെയൊക്കെ വിളിക്കണമെന്ന് തീരുമാനിക്കുന്നത്. എ.ഐ.സി.സി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗമാണ് സുനില്‍ കനഗോലു. അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നത് ഞങ്ങളുടെ ഇഷ്ടമാണ്. കോവിഡ് കാലത്ത് എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തി കുരങ്ങിനും നായകള്‍ക്കും ഭക്ഷണം നല്‍കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പി.ആര്‍ ഏജന്‍സി ഏതാണെന്ന് എന്നെക്കൊണ്ട് പറയിക്കേണ്ട. ബോംബെയില്‍ നിന്നുള്ള ഏജന്‍സിയുടെ ആളുകള്‍ നിയമസഭ ഗാലറി വരെ എത്തിയിട്ടുണ്ട്. പിണറായി വിജയനെ മേക്ക് ഓവര്‍ നടത്തിയ കമ്പനിയെ കുറിച്ച് എന്റെ നാവ് കൊണ്ട് പറയിപ്പിക്കേണ്ട. രണ്ട് കണ്ണിലും തിമിരം ബാധിച്ച ആള്‍ മറ്റുള്ളവരെ നോക്കി കാഴ്ചയില്ലെന്ന് പറയുന്നത് പോലെയാണിത്. ഏത് പാര്‍ട്ടിയാണ് പി.ആര്‍ ഏജന്‍സികളെ ഉപയോഗിക്കാത്തത്. പി.ആര്‍ ഏജന്‍സിയുടെ ഭാഗമായിരുന്ന സുനില്‍ കനഗോലു ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമാണ്. പി.ആര്‍ ഏജന്‍സി പ്രതിനിധികളെ ക്ലിഫ് ഹൗസില്‍ വിളിച്ച് വരുത്തി രണ്ട് വര്‍ഷം മുഴുവന്‍ ചര്‍ച്ച നടത്തിയ ആളല്ലേ മുഖ്യമന്ത്രി. എന്തും പറയാമെന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്താന്‍ പ്രാപ്തമായ നേതൃത്വം യു.ഡി.എഫും കോണ്‍ഗ്രസിലും ഉണ്ടെന്ന് രണ്ട് ഉപതെരഞ്ഞെടുപ്പുകളിലൂടെ മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ എന്തും പറയാന്‍ മടിക്കാത്തവരാണ് സി.പി.എമ്മുകാര്‍. കരുവന്നൂര്‍ തട്ടിപ്പിലെ പ്രതിയായ സതീശന്‍ വി.ഡി സതീശനാണെന്ന് വരെ പ്രചരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നേതാക്കളുടെ അക്കൗണ്ടുകളിലൂടെ എന്ത് വൃത്തികേടുകളും പറയുകയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ പ്രചരണം നടത്തിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എന്നിട്ടാണ് കോണ്‍ഗ്രസിനെതിരെ സംസാരിക്കുന്നത്. എന്തൊരു തൊലിക്കട്ടിയാണ്? എന്ത് പറയാനും ഒരു മടിയുമില്ല. എല്ലാ ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയില്‍ ആരോപിക്കുകയാണ്. കൊല്ലങ്ങള്ളായി മുഖ്യമന്ത്രി നടക്കുന്നത് തന്നെ പി.ആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ചാണ്. അവര്‍ നല്‍കുന്ന ക്യാപ്‌സ്യൂള്‍ വിതരണം ചെയ്താണ് നിലനില്‍ക്കുന്നത്.
മാസപ്പടി ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ പരാതി നല്‍കിയിരിക്കുന്നത്. ആ പരാതിയില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കും.
വന്ദേഭാരത് വന്നതോടെ കെ. റെയിലിന്റെ പ്രസക്തി നഷ്ടമായി. ഒരു രാത്രി മുഴുവന്‍ മഴ പെയ്ത് തിരുവനന്തപുരം വെള്ളത്തിന് അടിയിലായ അതേ ദിവസമാണ് എം.വി ഗോവിന്ദന്‍ കെ റെയില്‍ വരുമെന്ന് പറഞ്ഞത്. കേരള ബാങ്ക് ഉണ്ടാക്കരുതെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. സഹകരണ ബാങ്കുകളെ ലയിപ്പിച്ച് റിസര്‍വ് ബാങ്കിന്റെ കക്ഷത്തില്‍ കൊണ്ടുവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് കേരള ബാങ്കിന് കരുവന്നൂരില്‍ തട്ടിപ്പിന് ഇരയായവരെ സഹായിക്കാന്‍ കഴിയാതെ പോയത്. ഗുണ്ടായിസം നടത്തിയാണ് പത്തനംതിട്ടയിലെ കാര്‍ഷിക ബാങ്ക് സി.പി.എം പിടിച്ചെടുത്തത്. ജില്ലയില്‍ പതിനഞ്ചാമത്തെ ബാങ്കാണ് സി.പി.എം പടിച്ചെടുക്കുന്നത്. സഹകരണ പ്രസ്ഥാനത്തെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. മുന്നൂരോളം ബാങ്കുകള്‍ കുഴപ്പത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ പറയുകയാണ്. സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായിട്ടും സര്‍വകക്ഷി യോഗം വിളിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. സര്‍ക്കാര്‍ കൊള്ളക്കാരെ സംരക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നവരെ അകത്ത് കയറ്റാതെ കണ്ടല ബാങ്കില്‍ കൊള്ള നടത്തിയ ഭാസുരാങ്കനെയാണ് മില്‍മയില്‍ അഡിമിനിസ്‌ട്രേറ്റീവ് കണ്‍വീനറാക്കിയിരിക്കുന്നത്.
ബി.ജെ.പി പിന്തുണയില്‍ കേരള കോണ്‍ഗ്രസ് അംഗം പഞ്ചായത്ത് പ്രസിഡന്റായെന്ന് പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് ആക്ഷേപിച്ച ആളാണ് പിണറായി വിജയന്‍. അതേ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലാണ് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസ് അംഗം മന്ത്രിയായി ഇരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. എന്‍.ഡി.എ പ്ലസ് എല്‍.ഡി.എഫ് മുന്നണിയാണ് പിണറായി സര്‍ക്കാര്‍. എല്ലാ കാര്യങ്ങളിലും നാണമുണ്ടോയെന്ന് മുഖ്യമന്ത്രിയോട് എങ്ങനെ ചോദിക്കും?
കായിക മന്ത്രിക്കും വകുപ്പിനും സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക താരങ്ങളുടെ കാര്യത്തിലല്ല മറ്റു പല കാര്യങ്ങളിലുമാണ് ശ്രദ്ധ. അതുകൊണ്ടാണ് മെഡല്‍ നേടിയ കായിക താരങ്ങള്‍ സംസ്ഥാനം വിട്ടുപോകുന്നത്. ഫോണില്‍ വിളിച്ച് അഭിന്ദിക്കാന്‍ പോലും തയാറാകാത്തത് കഷ്ടമാണ്.
പാലസ്തീന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ ഗോവിന്ദനും ഐസക്കും കെ.കെ ശൈലജയും ജി. സുധാകരനും ഇ.പി ജയരാജനും വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റ നിലപാട് മാത്രമെയുള്ളൂ. അത് ദേശീയ നേതൃത്വം പ്രമേയത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു ഉറപ്പും പാലിക്കുന്നില്ല. കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞിട്ടും പരിശോധനകള്‍ നടക്കുന്നില്ല. ആരോഗ്യവകുപ്പും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിട്ടില്ല. കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളോട് ആരോഗ്യമേഖലയില്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരെ പ്രാദേശികമായി പ്രതിഷേധം ഉയര്‍ന്ന് വരുന്നുണ്ട്. യു.ഡി.എഫ് കാലത്ത് തുടങ്ങിയ മെഡിക്കല്‍ കോളജുകള്‍ പാതിവഴിയില്‍ എത്തിനില്‍ക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം