പൂനെ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്ന അശ്ലീല പ്രവർത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂരിലെ തിർഖുരയിലുള്ള ഒരു റിസോർട്ടിലെ ബാൻക്വറ്റ് ഹാളിൽ നടന്ന പരിപാടിക്കെതിരായി എടുത്ത കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് തിർഖുരയിലെ ടൈഗർ പാരഡൈസ് റിസോർട്ടിലും വാട്ടർ പാർക്കിലും പൊലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. പൊലീസ് എത്തിയപ്പോൾ ആറ് സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് മോശമായ രീതിയിൽ നൃത്തം ചെയ്യുന്നതാണ് കണ്ടതെന്ന് എഫ് ഐ ആറിൽ പറയുന്നു. കാണികളിൽ ചിലർ മദ്യപിക്കുകയും യുവതികൾക്കുമേൽ പത്ത് രൂപയുടെ വ്യാജനോട്ടുകൾ എറിയുകയും ചെയ്തിരുന്നു. സെക്ഷൻ 294 പ്രകാരം അശ്ളീല പ്രവർത്തികളുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് പരിപാടിക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
സെക്ഷൻ 294 പ്രകാരം ഒരു പ്രവൃത്തി കുറ്റമാകണമെങ്കിൽ അത് പരസ്യമായി ചെയ്യപ്പെടണമെന്ന് കോടതി വിലയിരുത്തി. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അത്തരം പ്രവർത്തികൾ ഉണ്ടായാൽ അത് കാണുകയോ കേൾക്കുകയോ ചെയ്ത, സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്നവർ പരാതിപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, പ്രകോപനപരമായി നൃത്തം ചെയ്യുക, അശ്ലീലമെന്ന് ഉദ്യോഗസ്ഥർക്ക് തോന്നിച്ച ആംഗ്യങ്ങൾ കാട്ടുക എന്നിവ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലെ അശ്ലീല പ്രവർത്തികളായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ‘ഇന്നത്തെ കാലത്ത് സ്ത്രീകൾ അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് സാധാരണവും സ്വീകാര്യവുമാണ്. സിനിമകളിലും പൊതുജനങ്ങൾക്ക് മുന്നിൽ നടത്തുന്ന സൗന്ദര്യമത്സരങ്ങളിലും ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് കാണാറുണ്ട്. ഏത് പ്രവർത്തികളാണ് അശ്ലീലമാകുന്നത് എന്നതിനെ കുറിച്ച് സങ്കുചിതമായ വീക്ഷണം സ്വീകരിക്കുന്നത് പിന്തിരിപ്പൻ നടപടിയായിരിക്കും. ഈ വിഷയത്തിൽ പുരോഗമനപരമായ വീക്ഷണം സ്വീകരിക്കാൻ കോടതി ആഗ്രഹിക്കുന്നു’-ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം