ജെറുസലേം: ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി). ഗാസയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ബുധനാഴ്ച ജിദ്ദയില്‍ നടക്കുന്ന യോഗത്തിലേക്കു വിവിധ ഇസ്ലാമിക രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിച്ചു.
യു.എൻ. അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഇസ്രായേൽ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു. ദുരന്തം ഒഴിവാക്കാന്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ആവശ്യപ്പെട്ടു.
സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തില്‍ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്സൈറ്റില്‍ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു. യുഎന്‍ കഴിഞ്ഞാല്‍ നാല് ഭൂഖണ്ഡങ്ങളില്‍നിന്ന് 57 അംഗരാജ്യങ്ങളുള്ള ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണ് ഒഐസി.
യുദ്ധക്കെടുതികളിൽപ്പെട്ട് ഉഴലുന്ന പലസ്തീനികൾ അഭയതീരം തേടി ഗാസയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ജനങ്ങൾ കൂട്ടപ്പലായനം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഇസ്രയേൽ കരസേന ഗാസയിലിറങ്ങി തിരച്ചിലാരംഭിച്ചിരുന്നു.
ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗാസ നിവാസികൾക്കും യു.എൻ. ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പ്. ഇത് ഇസ്രയേലിന്റെ ഉപരോധത്താൽ വലയുന്ന ഗാസ നിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഗാസസിറ്റിയിലെ ജനവാസമേഖലകളിൽ ഹമാസ് അംഗങ്ങൾ പതിയിരിക്കുന്നതിനാലാണ് ഉത്തരവെന്നാണ് വിശദീകരണം.
സ്കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണമെന്ന് നിർദേശമുണ്ട്. ജനങ്ങൾക്ക് അപകടകരമല്ലാത്ത രീതിയിലാണ് ഹമാസിനെതിരേയുള്ള നീക്കം ആവിഷ്കരിക്കുന്നതെന്ന് ഇസ്രയേലി സൈനികവക്താവ് ജൊനാഥൻ കോർണിക്കസ് അവകാശപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം