ന്യൂഡല്‍ഹി: ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ നിരവധി റെക്കോഡുകളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍ത്തെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. 553 സിക്സറുകള്‍ നേടിയ വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് ഹിറ്റ്മാന് മറികടന്നത്.
551 ഇന്നിങ്സുകളില്‍ നിന്നാണ് ഗെയ്ല് 553 സിക്സറുകള്‍ നേടിയതെങ്കില്‍ രോഹിത്തിന് ആ റെക്കോഡ് മറികടക്കാന്‍ വേണ്ടിവന്നത് വെറും 473 ഇന്നിങ്സുകള്‍ മാത്രമാണ്.
വേറെയും റെക്കോഡുകള്‍ രോഹിതിനെ തേടിയെത്തി. കളി തുടങ്ങി ആദ്യ പത്ത് ഓവറില്‍ രോഹിത് അടിച്ചെടുത്തത് 76 റണ്‍സാണ്. ഏകദിനത്തില്‍ ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ്. ആദ്യ പത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്കോറെന്ന നേട്ടാണ് രോഹിത്തിനെ തേടിയെത്തിയത്.
ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പയെയാണ് രോഹിത് മറികടന്നത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 70 റണ്‍സാണ് ഉത്തപ്പ നേടിയിരുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2003ല്‍ പാകിസ്ഥാനെതിരെ സച്ചിന് ഒറ്റയ്ക്ക് 60 റണ്‍സ് നേടിയിരുന്നു. 2008ല്‍ ശ്രീലങ്കയ്ക്കെതിരെ സെവാഗും 60 റണ്‍സ് നേടി. 2011ല്‍ ബംഗ്ലാദേശിനെതിരെ 59 റണ്‍സ് നേടിയതും സെവാഗ് തന്നെ.
ലോകകപ്പിൽ 1000 റൺസും സെഞ്ച്വറി നേട്ടത്തിൽ സച്ചിന്റെ റെക്കോഡും രോഹിത്ത് ഇന്നത്തെ മത്സരത്തിൽ മറികടന്നു. 63 പന്തുകളിലാണ് രോഹിത്ത് തന്റെ സെഞ്ച്വറി തികച്ചത്. 12 ഫോറുകളും നാല് സിക്സറുമടക്കം 150 ലധികം സ്ട്രൈക് റേറ്റിലാണ് രോഹിത്തിന്റെ ബാറ്റിംഗ്. 273 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കായി രോഹിത്ത് തകർത്തടിക്കുകയായിരുന്നു. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ നാലുപാടും രോഹിത്ത് ബൗണ്ടറികൾ നേടി. ലോകകപ്പിൽ ഏറ്റവും വേഗമേറിയ ഇന്ത്യൻ താരത്തിന്റെ സെഞ്ച്വറിയാണ് രോഹിത്ത് നേടിയത് അതും ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ റെക്കോഡ് മറികടന്ന്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം