ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടം. ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തില്‍ ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാന് നായകന് ഹഷ്മത്തുള്ള ഷാഹിദി ബാറ്റിങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരേ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. അന്നത്തെ ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനു പകരം യുവ ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂറാണ് ഇന്ന് ആദ്യ ഇലവനിലുള്ളത്.
മറുവശത്ത് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ കനത്ത പരാജയം ഏറ്റുവാങ്ങിയ അതേ ഇലവനില്‍ത്തന്നെ വിശ്വാസമര്‍പ്പിച്ചാണ് അഫ്ഗാന് ഇറങ്ങുന്നത്.ബംഗ്ലാദേശിനെതിരേ ആറു വിക്കറ്റിനാണ് അവര്‍ തോല്‍വി സമ്മതിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വെറും 156 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 92 പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ഇതോടെ ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടം കൂടിയാണ് അഫ്ഗാന്. ഇന്ത്യ ടൂര്‍ണമെന്റിലെ രണ്ടാം ജയവും വിജയക്കുതിപ്പ് തുടരാനും ലക്ഷ്യമിടുമ്പോള്‍ വിജയപാതയില്‍ തിരിച്ചെത്താനാണ് അഫ്ഗാന് ശ്രമം. അവസാനം കളിച്ച അഞ്ചു മത്സരങ്ങളും തോറ്റാണ് അവര്‍ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഇന്ത്യക്കെതിരേയും അവര്‍ക്ക് ഒട്ടും മികച്ച റെക്കോഡല്ല. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടിലും ഇന്ത്യക്കായിരുന്നു ജയം. ഒരു മത്സരം ടൈയില്‍ കലാശിച്ചു. 2019 ലോകകപ്പിലാണ് ഇരുടീമുകളും അവസാനം നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇന്ത്യന്‍ ജയം 11 റണ്‍സിനായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം