കൊച്ചി : ഹൃദ്യമായ സ്നേഹസംഗമത്തിന് സാക്ഷ്യം വഹിച്ച് ലുലു മാൾ. കോട്ടയം ബേക്കറി ജംഗ്ഷനിലെ സ്നേഹക്കൂട് അഭയമന്ദിരത്തിലെ അറുപതോളം അച്ഛനമ്മമാരാണ് കളിച്ചിരിയുമായി ലുലു മാളിൽ ഒത്തുകൂടിയത്. കവിതയും പാട്ടും നാടകവും നാടൻപാട്ടുമെല്ലാമായി രണ്ട് മണിക്കൂർ ഉത്സവപ്രതീതിയാണ് ലുലുവിൽ ഒരുങ്ങിയത്.
സ്വന്തം മക്കളാൽ ഉപേക്ഷിക്കപ്പെട്ട സ്നേഹക്കൂട് അഭയമന്ദിരത്തിലെ അച്ഛനമ്മമാരാണ് സ്നേഹയാത്രയുടെ ഭാഗമായി കൊച്ചി ലുലുവിലെത്തിയത്. മാളിലെ ജീവനക്കാർ ചേർന്ന് ഊഷ്മളമായ വരവേൽപ്പാണ് ഇവർക്ക് നൽകിയത്. തുടർന്ന് മാൾ സെൻട്രൽ ഏട്രിയത്തിൽ ഒരുക്കിയ വേദിയിൽ അച്ഛനമ്മമാർക്ക് കലാപ്രകടനങ്ങൾ നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. നാടൻപാട്ടും നാടകവും കവിതയുമെല്ലാമായി സദസ് ആഘോഷത്തിലായി. പുതിയ തലമുറ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതിനെതിരായ സന്ദേശം വിളിച്ചോതുന്ന ഡിവൈഎസ്പി സുബാഷ് കുമാറിന്റെ കവിതയായ അമ്മയുടെ ദൃശ്യാവിഷ്കാരം അച്ഛനമ്മമാർ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
സ്നേഹക്കൂട് അഭയമന്ദിരത്തിൽ വച്ച് ആഴ്ചകളോളം റിഹേഴ്ൽ ചെയ്ത് പഠിച്ചാണ് ലുലുവിലെത്തി മികച്ച രീതിയിൽ ഇവർ അവതരിപ്പിച്ചത്. സദസ്സിന്റെ മുഴുവൻ കയ്യടി നേടി ഹൃദയം കവർന്നു ഈ അച്ഛനമ്മമാർ. കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൽ നിന്ന് ആദ്യം കണിച്ചുകുളങ്ങര ക്ഷേത്രത്തിലും അർത്തുങ്കൽ പള്ളിയിലുമെത്തി പ്രാർത്ഥിച്ച് തുടർന്ന് മെട്രോയിലാണ് ഇവർ ലുലു മാളിലെത്തിയത്. സ്നേഹസംഗമത്തിന് വേദിയൊരുക്കിയ എം.എ യൂസഫലിക്ക് സ്നേഹക്കൂട്ടിലെ അച്ഛനമ്മമാർ നന്ദി അറിയിച്ചു. ലുലു മാൾ ചുറ്റികണ്ട് ഭക്ഷണവും കഴിച്ച ശേഷമാണ് അച്ഛനമ്മമാർ മടങ്ങിയത്.
തിരക്കഥാകൃത്ത് അഭിലാഷ് പിള്ള , നടൻ വിഷ്ണു വിനയൻ, വ്ലോഗ്ഗർ ഡോ. ബാഷിദ് ബഷീർ, സ്നേഹക്കൂട് മാനേജിങ്ങ് ട്രസ്റ്റി നിഷ സ്നേഹക്കൂട് സെക്രട്ടറി അനുരാജ് ബി.കെ എന്നിവരും ചടങ്ങിൽ ഭാഗമാവുകയും പ്രഭാഷണം നടത്തുകയും ചെയ്തു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം