കൊച്ചി: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘റോക്കട്രീ; ദി നമ്പി ഇഫ്ഫെക്ട്’ സിനിമയുടെ വിജയാഘോഷവും ആസ്റ്റർ മെഡ്സിറ്റിയുമായി സഹകരിച്ച് നടത്തിയ ടച്ച് എ ഹാർട്ട് പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഒത്തുചേരലും സംഘടിപ്പിച്ചു. സിനിമക്ക് കാരണമായ യഥാർത്ഥ സംഭവത്തിലെ നായകനായ പത്മഭൂഷൻ നമ്പി നാരായണൻ, സിനിമയുടെ സംവിധായകനും നടനുമായ മാധവൻ, നിർമാതാവും പ്രശസ്ത വ്യവസായിയും പൊതുപ്രവർത്തകനുമായ ഡോ. വർഗീസ് മൂലൻ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ എന്നിവർ ചേർന്ന് കുട്ടികളെ അനുമോദിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇതോടനുബന്ധിച്ചാണ് ചിത്രത്തിന്റെ നിർമാതാവായ വർഗീസ് മൂലൻ ടച്ച് എ ഹാർട്ട് പദ്ധതി ആവിഷ്കരിച്ചത്. വർഗീസ് മൂലൻസ് ഗ്രൂപ്പിൻറെ ചാരിറ്റി വിഭാഗമായ വർഗീസ് മൂലൻസ് ഫൗണ്ടേഷൻ ആസ്റ്റർ ഹോസ്പിറ്റൽസുമായി ചേർന്നായിരുന്നു നടപ്പാക്കിയത്. നിർധന കുടുംബങ്ങളിൽ നിന്നുള്ള 18 വയസിന് താഴെയുള്ള 60 കുട്ടികൾക്കാണ് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിൻ്റെ പിന്തുണയോടെ കേരളത്തിലുടനീളം നടത്തിയ മെഡിക്കൽ ക്യാമ്പിലൂടെയായിരുന്നു അർഹരായ കുട്ടികളെ കണ്ടെത്തിയത്. ഇവർക്ക് കൊച്ചി ആസ്റ്റര് മെഡ്സിറ്റി, കോഴിക്കോട് ആസ്റ്റര് മിംസ് എന്നിവിടങ്ങളിലായിരുന്നു ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
നമ്പി നാരായണൻ എന്ന മഹാശാസ്ത്രജ്ഞനേയും, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രശാഖയേയും ഐ.എസ്.ആർ.ഒ.യേയും ഒരു പോലെ വൻ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു വ്യാജ ചാരക്കേസ്. ഇതിന്റെ യഥാർത്ഥ വസ്തുത വെള്ളിത്തിരയിൽ എത്തിച്ചാണ് റോക്കട്രീ വിജയം കൊയ്തത്. വിവിധ ഭാഷകളിൽ റിലീസ് ചെയ്ത സിനിമക്ക് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായായിരുന്നു അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ചടങ്ങ് സംഘടിപ്പിച്ചത്.
ടച്ച് എ ഹാർട്ട് പദ്ധതിയിലൂടെ നിരവധി കുട്ടികൾക്കാണ് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞത്. എന്റെ ജീവിതകഥ പറഞ്ഞ സിനിമ അതിന് കാരണമായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിന് നേതൃത്വം നൽകിയ വർഗീസ് മൂലൻ ഫൗണ്ടേഷനും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയും ഏറെ പ്രശംസ അർഹിക്കുന്നുണ്ടെന്നും നമ്പി നാരായണൻ പറഞ്ഞു. ജീവിതത്തിൽ പകച്ചു പോകുന്ന വേളകളിൽ വലിയ ഊർജമാണ് നമ്പി നാരായണൻ എന്ന പേര്. ഓരോ കുട്ടികളെയും അത് പഠിപ്പിക്കേണ്ടതുണ്ടെന്ന് മാധവൻ വ്യക്തമാക്കി. ആസ്റ്റർ ഗ്രൂപ്പുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ഡോ. വർഗീസ് മൂലൻ, 250ലധികം കുട്ടികൾക്ക് വർഗീസ് മൂലൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയശസ്ത്രക്രിയ ചെയ്തു നൽകിയിട്ടുണ്ടെന്നും ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും കൂട്ടിച്ചേർത്തു.
ചടങ്ങിൽ നമ്പി നാരായണൻ, ഡോ. വർഗീസ് മൂലൻ, മാധവൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എഡ്വിൻ ഫ്രാൻസിസ്, കാർഡിയോളജി വിഭാഗം കോ-ഓർഡിനേറ്റർ അശ്വതി, ബ്രാൻഡിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ടീം ലീഡ് ടി.എസ് ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം