ന്യൂഡല്‍ഹി: റെക്കോഡ് വിജയലക്ഷ്യമുയര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ശ്രീലങ്ക പൊരുതി വീണു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 429 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 44.5 ഓവറില്‍ 326 റണ്‍സിന് ഓള് ഔട്ടായി. ലോകകപ്പില്‍ ഇരുടീമുകളും ചേര്‍ന്ന് നേടുന്ന ഏറ്റവും വലിയ സ്കോര്‍ ഈ മത്സരത്തിലൂടെ പിറന്നു. ഇരുടീമുകളും ചേര്‍ന്ന് 754 റണ്‍സാണ് അടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ റെക്കോഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പതും നിസ്സങ്ക (0) മാര്‍കോ ജാന്‍സന്റെ പന്തില്‍ ബൗള്‍ഡ്. എന്നാല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കുശാല്‍ പെരേര (42 പന്തില്‍ 76) ലങ്കയ്ക്ക് പ്രതീക്ഷ നല്കി. ഇതിനിടെ കുശാല്‍ പെരേര (7) പുറത്തായി. മെന്ഡിസാവട്ടെ സിക്സുകളും ഫോറുകളുമായി കളം നിറഞ്ഞു. 13 ഓവറില്‍ അദ്ദേഹം മടങ്ങുമ്പോള്‍ 76 റണ്‍സ് താരം നേടിയിരുന്നു. ഇതില്‍ എട്ട് സിക്സും നാല് ഫോറുമുണ്ടായിരുന്നു. നാലാമനായി ക്രീസിലെത്തിയ സധീര സമരവിക്രമ (23) നിരാശപ്പെടുത്തി. ധനഞ്ജയ ഡിസില്‍വയ്ക്കും (11) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ ചരിത് അസലങ്ക (65 പന്തില്‍ 79), ദസുന്‍ ഷനക (62 പന്തില്‍ 68) എന്നിവരുടെ ഇന്നിംഗ്സ് ലങ്കയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ സഹായിച്ചു. ദുനിത് വെല്ലാലഗെ (0), കശുന്‍ രജിത (33), മതീഷ പതിരാന (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദില്ഷന് മധുഷങ്ക (4) പുറത്താവാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്സി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കേശവ് മഹാരാജ്, കഗീസോ റബാദ, മാര്‍ക്കോ യാന്സണ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തീരുമാനം തെറ്റായിരുന്നു എന്ന് തെളിയിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചത്. ഓപ്പണറും നായകനുമായ തെംബ ബവൂമയെ (8) വേഗത്തില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും റാസി വാന്‍ ഡെര്‍ ഡ്യൂസനും അടിച്ചുതകര്‍ത്തു. ഇരുവരും വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ശ്രീലങ്ക പതറി. രണ്ടാം വിക്കറ്റില്‍ ഇരുവരും 204 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും സെഞ്ചുറി നേടി. ഡി കോക്കാണ് ആദ്യം സെഞ്ചുറിയടിച്ചത്. താരം 84 പന്തുകളില്‍ നിന്ന് 100 റണ്‍സെടുത്ത് പുറത്തായി. 12 ഫോറും മൂന്ന് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
ഡി കോക്കിന് പകരം എയ്ഡന്‍ മാര്‍ക്രമാണ് ക്രീസിലെത്തിയത്. തുടര്‍ന്ന് ശ്രീലങ്കന്‍ ബൗളര്‍മാര്‍ മാര്‍ക്രമിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇതിനിടെ ഹെന്റിച്ച് ക്ലാസനും (20 പന്തില്‍ 32) നിര്‍ണായക പ്രകടനം നടത്തി. മാര്‍ക്രത്തോടൊപ്പം 78 റണ്‍സ് ചേര്‍ത്ത ശേഷമാണ് ക്ലാസന് മടങ്ങുന്നത്. വൈകാതെ മാര്‍ക്രം സെഞ്ചുറിയും പൂര്‍ത്തിയാക്കി. 54 പന്തില്‍ മൂന്ന് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയും മാര്‍ക്രം സ്വന്തമാക്കി.
മധുഷങ്കയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങുന്നത്. പിന്നീട് ഡേവിഡ് മില്ലര്‍ () – മാര്‍കോ ജാന്സന് () സഖ്യം സ്കോര്‍ 400 കടത്തി. കശുന്‍ രജിത, മതീഷ പതിരാന, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം