ഏകദിന ലോകകപ്പ്: നെതര്‍ലണ്ട്‌സിനെ തകര്‍ത്ത് പാകിസ്ഥാന്‍

 

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലണ്ട്‌സിനെതിരെ പാകിസ്ഥാന് മികച്ച ജയം. പാകിസ്ഥാന്‍ 81 റണ്‍സിനാണ് വിജയിച്ചത്.

മികച്ച പ്രകടനം പുറത്തെടുത്ത് പാകിസ്താനെ വിറപ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് കീഴടങ്ങിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സ് 41 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഔട്ടായി.  

  
മൂന്നാം വിക്കറ്റില്‍ വിക്രംജിത്ത് സിംഗ് – ബാസ് ഡി ലീഡ് കൂട്ടുകെട്ട് നെതര്‍ലണ്ട്‌സിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഈ കൂട്ടുകെട്ട് പാകിസ്ഥാന്‍ പൊളിച്ചു. ഇവരുടെ കൂട്ടുകെട്ട് 70 റണ്‍സാണ് നേടിയത്.

52 റണ്‍സെടുത്ത വിക്രംജിത്ത് സിംഗിനെ ഷദബ് ഖാന്‍ ആണ് പുറത്താക്കിയത്. ബാസ് ഡി ലീഡ് 67 റണ്‍സെടുത്തു. ലോഗന്‍ വാന്‍ ബീക്ക് 28 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാരിസ് റൗഫ് പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റും നേടി.
  
  
ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 49 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി. മികച്ച പ്രകടനം പുറത്തെടുത്ത നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാരാണ് വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് പാകിസ്താനെ തടഞ്ഞത്. വെറും 38 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നിലംപൊത്തിയത്. ഫഖര്‍ സമാന്‍ (12), ഇമാം ഉള്‍ ഹഖ് (15), ബാബര്‍ അസം (5) എന്നിവരാണ് പെട്ടെന്ന് പുറത്തായത്. 

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

നാലാം വിക്കറ്റില്‍ സൗദും റിസ്വാനും 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ സൗദിനെ പുറത്താക്കി ആര്യന്‍ ദത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തില്‍ 68 റണ്‍സെടുത്ത സൗദിനെ ആര്യന്‍ സാഖിബ് സുല്‍ഫിഖറിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ റിസ്വാനും പുറത്തായി. റിസ്വാനും 68 റണ്‍സാണ് നേടിയത്. താരത്തെ ബാസ് ഡി ലീഡ് പുറത്താക്കി. പിന്നാലെ വന്ന വെടിക്കെട്ട് ബാറ്റര്‍ ഇഫ്തിഖര്‍ അഹമ്മദും (9) നിരാശപ്പെടുത്തിയതോടെ പാകിസ്താന്‍ ആറിന് 188 എന്ന സ്‌കോറിലേക്ക് വീണു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് നവാസും ശദബ് ഖാനും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 250 കടത്തി. 32 റണ്‍സെടുത്ത ശദബ് ഖാനെ പുറത്താക്കി ഡി ലീഡ് ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെ വന്ന ഹസ്സന്‍ അലിയെ തൊട്ടടുത്ത പന്തില്‍ ഡി ലീഡ് പുറത്താക്കി. പിന്നാലെ 39 റണ്‍സെടുത്ത മുഹമ്മദ് നവാസ് റണ്‍ ഔട്ടായതോടെ പാകിസ്താന്റെ പോരാട്ടം തണുത്തു. അവസാന വിക്കറ്റില്‍ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ചേര്‍ന്നാണ് ടീം സ്‌കോര്‍ 280 കടത്തിയത്. 

നെതര്‍ലന്‍ഡ്‌സിനുവേണ്ടി ബാസ് ഡി ലീഡ് നാലുവിക്കറ്റെടുത്തപ്പോള്‍ കോളിന്‍ അക്കര്‍മാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്ക്, പോള്‍ വാന്‍ മീകെറെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.



അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം