ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രധാന നിരീക്ഷണങ്ങളും ചോദ്യങ്ങളുമായി സുപ്രിംകോടതി. സിസോദിയയ്ക്കെതിരായ തെളിവുകൾ എവിടെയെന്ന് അറസ്റ്റ് ചെയ്ത കേന്ദ്ര ഏജൻസികളോട് കോടതി ചോദിച്ചു. തെളിവുകൾ പൂർണമായും കാണിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ കോടതി, കേസിലെ പ്രതിയായ ദിനേഷ് അറോറ നല്കിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയക്കെതിരെ ഉണ്ടോ എന്നും ആരാഞ്ഞു. ദിനേഷ് അറോറ പിന്നീട് കൂറുമാറി മാപ്പുസാക്ഷിയാവുകയും ജാമ്യം നേടുകയും ചെയ്തിരുന്നു.
‘നിങ്ങൾ 100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് കണക്കുകളാണ് പറയുന്നത്. ആരാണ് അവർക്ക് ഇത് നൽകിയത്? പണം നൽകുന്ന നിരവധി ആളുകൾ ഉണ്ടാകാം. അതിനെ മദ്യവുമായി ബന്ധിപ്പിക്കണമെന്നില്ല. തെളിവ് എവിടെ? ദിനേഷ് അറോറ തന്നെയാണ് സ്വീകർത്താവ്. എവിടെയാണ് തെളിവുകൾ? ദിനേഷ് അറോറയുടെ മൊഴി ഒഴികെ മറ്റെന്തെങ്കിലും തെളിവുണ്ടോ?’- ജസ്റ്റിസ് ഖന്ന ചോദിച്ചു.
പണമിടപാട് അതീവരഹസ്യമായി നടത്തിയതിനാല്‍ സമ്പൂര്‍ണമായി തെളിവുകള്‍ ഹാജരാക്കുന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് കോടതി ശരിവെച്ചു. എന്നാല്‍ അവിടെയാണ് ഇഡിയും സിബിഐയും കാര്യക്ഷമത കാണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിസോദിയയെ പ്രതി ചേര്‍ത്തതിലും കോടതി അനിഷ്ടം പ്രകടിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തികച്ചും വ്യത്യസ്തമായ കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമപ്രകാരം സിസോദിയക്കെതിരെ കേസെടുത്തതിനേയും കോടതി വിമര്‍ശിച്ചു.
മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഒക്ടോബര്‍ 12ന് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം