ഇന്ത്യയിലെ വാഹന വിപണിയില്‍ പുതിയ സെഗ്മെന്റുകളിലേക്ക് പിഴയ്ക്കാത്ത ചുവടുകളുമായാണ് മാരുതി സുസുക്കി എത്തുന്നത്. ഇതുപോലെ ഒരു വര്‍ഷം മുമ്പ് ഗ്രാന്റ് വിത്താര എന്ന വാഹനത്തിലൂടെ മിഡ് സൈസ് എസ്.യു.വി. എന്ന ശ്രേണിയിലും മാരുതി സുസുക്കി സാന്നിധ്യമറിയിച്ചു. ആവശ്യക്കാരുടെ ആധിക്യം മൂലം ബുക്കിങ്ങ് പോലും കുറയ്‌ക്കേണ്ടി വന്ന ഈ വാഹനം ഒന്നാം വയസിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഗ്രാന്റ് വിത്താരയുടെ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതിലൂടെ ഈ സെഗ്മെന്റില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുലക്ഷം എന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യ വാഹനം എന്ന ഖ്യാതിയും ഗ്രാന്റ് വിത്താര സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ എസ്.യു.വി. വിപണി വിഹിതത്തില്‍ 22 ശതമാനം മാരുതിയുടെ കൈവശമാണ്. ഗ്രാന്റ് വിത്താരയുടെ വില്‍പ്പനയിലുണ്ടായ കുതിപ്പ് ഈ നേട്ടത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ടെന്നാണ് മാരുതിയുടെ വിലയിരുത്തലുകള്‍.
അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പത്തോളം അവര്‍ഡുകള്‍ നേടിയതും നെക്‌സയുടെ മൊത്തവില്‍പ്പനയുടെ 20 ശതമാനം സ്വന്തം പേരിലാക്കിയതും ഗ്രാന്റ് വിത്താരയുടെ വിജയത്തിന്റെ സൂചനകളാണ്. ഇന്ത്യയിലെ ഉപയോക്താക്കളുടെ മനസ്സറിഞ്ഞ വാഹന നിര്‍മാതാക്കളായതിനാല്‍ തന്നെ ഉയര്‍ന്ന മൈലേജ് തന്നെയായിരുന്നു ഈ വാഹനത്തിന്റെ ഹൈലൈറ്റ്. ഇതിനായി ഒരുക്കിയ ഇന്റലിജെന്റ് ഇലക്ട്രിക് ഹൈബ്രിഡ് പോലുള്ള സംവിധാനങ്ങളാണ് ഗ്രാന്റ് വിത്താരയെ ഹിറ്റിലേക്ക് നയിച്ചതിന്റെ പ്രധാന കാരണങ്ങള്‍.
മൈലേജിലും ഫീച്ചറിലും മുന്നിട്ട് നില്‍ക്കുന്നതിനൊപ്പം വിലയിലും ഈ വാഹനം എതിരാളികളെ വെല്ലുവിളിച്ചിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.45 ലക്ഷം രൂപ മുതല്‍ 15.39 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 13.40 ലക്ഷം രൂപ മുതല്‍ 16.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 16.89 ലക്ഷം രൂപയും 17.05 ലക്ഷം രൂപയുമാണ് വില. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 17.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെയും ഡ്യുവല്‍ടോണ്‍ മോഡലിന് 18.15 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.
ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.
മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തിയിട്ടുണ്ട്. 1.5 ലിറ്റര്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ മോഡല്‍ 87.83 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഇത് എത്തുന്നത്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 26.6 കിലോമീറ്റര്‍ മൈലേജാണ് ഉറപ്പുനല്‍കുന്നത്.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം