തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സി.സി.ടി.വിയിലേതാണ് ദൃശ്യങ്ങൾ. സി.സി.ടി.വിയിൽ ഹരിദാസനെയും ബാസിതിനെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അഖിൽ മാത്യു ദൃശ്യങ്ങളിലില്ല.
ഓട്ടോയിലാണ് ഇവർ എത്തിയത്. എന്നാൽ പണം കൈമാറുന്നത് ഈ ദൃശ്യങ്ങളിലില്ല. ഹരിദാസനും ബാസിതും സെക്രട്ടറിയേറ്റ് പരിസരത്ത് ഒരു മണിക്കൂറിലധികം ചിലവഴിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
ഏപ്രില്‍ 10-ന് ഉച്ചകഴിഞ്ഞ് ബാസിതും ഹരിദാസും സെക്രട്ടറിയേറ്റിനു സമീപമെത്തിയ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇരുവരും അവിടെ നിന്ന ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റാരെങ്കിലുമായി കൂടിക്കാഴ്ച നടത്തുന്നതോ പണം കൈമാറുന്നതോ ദൃശ്യങ്ങളിലില്ല. ഇതോടെ പണം കൈമാറി എന്ന ഹരിദാസൻ്റെ വാദം സംശയനിഴലിലായി. ഏപ്രില്‍ 10-ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം അഖിലിന് പണം കൈമാറി എന്നായിരുന്നു ഹരിദാസൻ്റെ വാദം.
മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി അഖില്‍ മാത്യു പണം കൈപറ്റി എന്ന ഹരിദാസന്റെആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചില്ല. എന്നാല്‍, ആ സമയം അഖില്‍ തിരുവനന്തപുരത്തില്ലായിരുന്നു എന്നത് പോലീസ് നേരത്തെ സ്ഥിരീകരിക്കുകയും ചെയ്തു.
അതേ സമയം, നിയമനക്കോഴ ആരോപണക്കേസിൽ പൊലീസിന്റെ മൊഴിയെടുപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരൻ ഹരിദാസ്. മൊഴിയെടുപ്പിൽ ഹരിദാസൻ തെളിവുകൾ കൈമാറിയെന്നും ഫോൺ രേഖകൾ കൈമാറിയെന്നും പൊലീസ് അറിയിച്ചു. ഫോണിൽ അഖിൽ മാത്യുവിന്റെ ചിത്രം കാണിച്ചും പോലീസ് മൊഴി എടുത്തു. മൊഴിയെടുത്ത ശേഷം കന്റോൺമെന്റ് പോലീസ് പരാതിക്കാരന്റെ വീട്ടിൽ നിന്ന് മടങ്ങി. എട്ടേമുക്കാൽ മണിക്കൂർ നേരമാണ് പരാതികാരന്റെ മൊഴിയെടുപ്പ് നീണ്ടുനിന്നത്.
മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട പരാതികാരൻ ഹരിദാസൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു. പൊലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും തന്റെ കൈയിൽ നിന്ന് പണം വാങ്ങിയത് അഖിൽ മാത്യു തന്നെയെന്ന് വിശ്വസിക്കുന്നെന്നും ഹരിദാസൻ പറഞ്ഞു. അഖിൽ മാത്യുവിന്റെ ഫോട്ടോ അഖിൽ സജീവ് കാണിച്ച് തന്നുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും, ബാസിത്തിനെ കുറിച്ചും ലെനിനെ കുറിച്ചും പൊലീസ് ചോദിച്ചെന്നും ഹരിദാസൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം