ചാത്തന്നൂർ∙ കൊല്ലം നഗരത്തിലെ ഹോട്ടലുകളിലേക്കും മറ്റും കോഴിയിറച്ചി വിതരണം ചെയ്യുന്ന കോൾഡ് സ്റ്റോറേജ് ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. ചാത്തന്നൂർ-പരവൂർ റോഡിൽ മീനാട് ഭാഗത്ത് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് ഡിസ്ട്രിബ്യൂട്ടേഴ്സാണ് പൂട്ടിയത്. മതിയായ ശീതീകരണ സംവിധാനം ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി.
ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതർ ഫീൽഡ് സർവേ നടത്തുന്നതിനിടെ സ്ഥാപനത്തിന് സമീപം എത്തിയപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു.രണ്ടു മുറി കടയും അനുബന്ധമായ മുറികളിലും പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുൻവശം പൂട്ടിയ നിലയിലായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് രൂക്ഷമായ ദുർഗന്ധം പരത്തുന്ന അവസ്ഥയിൽ കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. പന്ത്രണ്ടിലേറെ വലിയ ഫ്രീസറുകളിലായി രണ്ടായിരം കിലോ ഇറച്ചി ഉണ്ടായിരുന്നു. കോഴിയെ ഡ്രസ് ചെയ്തു പായ്ക്കറ്റിലാക്കിയ നിലയിലായിരുന്നു.
തമിഴ്നാട്ടിൽ നിന്നു കൊണ്ടു വന്നു കൊല്ലത്തും പരിസരങ്ങളിലും വിതരണം ചെയ്യുകയാണെന്ന് ഇവിടെ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ പറഞ്ഞു. പായ്ക്കറ്റുകളിൽ കോയമ്പത്തൂരിൽ നിന്നുള്ളതാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധന സംഘത്തെ കണ്ടപ്പോഴാണ് പല ഫ്രീസറുകൾ പ്രവർത്തിപ്പിച്ചത്. ഫ്രീസറുകൾ തുറന്നപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. ഒരു ഫ്രീസറിൽ പുഴുവരിക്കുന്ന രീതിയിൽ മലിനജലം കെട്ടി നിൽക്കുന്ന അവസ്ഥയായിരുന്നു.
ഫീൽഡ് വർക്ക് നടത്തിയിരുന്നവർ ഉടനടി ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എൻ.വിനോദ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ എസ്.ഷാനി എന്നിവരെ വിവരം അറിയിച്ചു.ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം ഡപ്യൂട്ടി കമ്മിഷണർ എസ്.അജി, അസിസ്റ്റന്റ് കമ്മിഷണർ വിനോദ് കുമാർ, ഫുഡ് സേഫ്റ്റി ഓഫിസർമാരായ ചിത്ര മുരളി, അഞ്ജു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സാംപിൾ ശേഖരിച്ചു.
പരിശോധന ഫലം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഒരു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനു പഞ്ചായത്ത് ലൈസൻസ് മാത്രമാണ് ഉള്ളത്. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് തുടങ്ങിയവയുടെ രേഖകൾ ഇല്ലെന്ന് അധികൃതർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം