ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തോൽവി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 286 റൺസിൽ ഓള് ഔട്ട് ആയി. ഗ്ലെൻ മാക്സ്വെല്ലാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഓസീസിനായി നാല് വിക്കറ്റുകളാണ് മാക്സ്വെൽ പിഴുതത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ പത്തോവറിൽ 81 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി
വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ രോഹിത് ശർമയും അർധ സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയും ചേർന്ന് ഒരു ഘട്ടത്തില്‍ ഇന്ത്യയെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാത്തത് ഇന്ത്യക്ക് വിനയായി. രോഹിത് ശർമ 57 പന്തിൽ ആറ് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 81 റൺസാണ് അടിച്ചെടുത്തത്. വിരാട് കോഹ്ലി 61 പന്തിൽ 56 റൺസെടുത്തു.
ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 352 റൺസ് അടിച്ചു കൂട്ടിയത്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷൈൻ എന്നിവർ ഹാഫ് സെഞ്ച്വറി നേടി. ആസ്ത്രേലിയയുടെ ടോപ് സ്കോറർ 96 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷാണ്.
സ്കോർബോർഡിൽ 78 റൺസ് ചേർത്ത ശേഷമാണ് വാർണർ- മാർഷ് ജോഡി വേർപിരിഞ്ഞത്. 56 റൺസെടുത്ത വാർണറിനെ പ്രസീദ് കൃഷ്ണ രാഹുലിന്റെ കയ്യിലെത്തിച്ചു. പിന്നീട് സ്മിത്തിനൊപ്പം സ്കോർബോർഡ് വേഗത്തിൽ ഉയർത്തിയ മാർഷ് രണ്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തി. സെഞ്ച്വറിക്ക് നാല് റൺസ് അകലെ മാത്രമാണ് മാർഷിനെ കുൽദീപ് യാദവ് വിക്കറ്റിൽ കുടുക്കിയത്.
74 റൺസെടുത്ത സ്മിത്ത് 31ാം ഓവറിലാണ് ഔട്ടായത്. അപ്പോൾ ഓസീസ് സ്കോർ 242 ആയിരുന്നു. പിന്നീടെത്തിയ അലക്സ് കാരിയും, മാക്സ്വെല്ലും, കാമറൂൺ ഗ്രീനും നിരാശപ്പെടുത്തിയതിനാൽ ഓസ്ട്രേലിയയ്ക്ക് 400 റൺസ് കടക്കാനായില്ല. 72 റൺസെടുത്ത ലബൂഷൈനെ ബുംറ ശ്രേയസ് അയ്യറുടെ കയ്യിലെത്തിച്ചു. ഓസീസിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും പുറത്താവാതെ നിന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം