ന്യൂ ഡൽഹി: യുപിയിലെ കാണ്‍പൂരില്‍ സ്‌കോര്‍പിയോ എസ്‌യുവി അപകടത്തില്‍പ്പെട്ട് മകൻ മരിച്ച സംഭവത്തില്‍ മഹീന്ദ്ര തലവൻ ആനന്ദ് മഹീന്ദ്രയ്‌ക്കെതിരെ കേസ്.പിതാവായ കാണ്‍പൂര്‍ സ്വദേശി രാജേഷ് മിശ്രയുടെ പരാതിയെ തുടര്‍ന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 ജീവനക്കാര്‍ക്കുെ എതിരെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്‍തത്. മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയുടെ സുരക്ഷ സംബന്ധിച്ച തെറ്റായ ഉറപ്പുകളാണ് തന്‍റെ മകൻ ഡോ അപൂര്‍വ്വ മിശ്രയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
2022 ജനുവരി 14 നായിരുന്നു അപകടം. പിന്നാലെ രാജേഷ് മിശ്ര പ്രാദേശിക കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാൻ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ 12 ജീവനക്കാര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. റായ്പൂര്‍വ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‍തത്. മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് ഗോപാല്‍ മഹീന്ദ്ര, ഡീലര്‍ഷിപ്പായ തിരുപ്പതി ഓട്ടോ മാനേജര്‍, മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര കമ്പനി ഡയറക്ടര്‍ ചന്ദ്രപ്രകാശ് ഗുര്‍നാനി, വിക്രം സിംഗ് മേത്ത, രാജേഷ് ഗണേഷ് ജെജുരിക്കര്‍, അനീഷ് ദിലീപ് ഷാ, തോത്തല നാരായണസാമി, ഹര്‍ഗ്രേവ് ഖൈതാൻ, മുത്തയ്യ മുര്‍ഗപ്പൻ മുത്തയ്യ, വിശാഖ നീരുഭായ് ദേശായി, നിസ്ബ ഗോദ്‌റെജ്, ശിഖസഞ്ജയ് ശര്‍മ, വിജയ് കുമാര്‍ ശര്‍മ എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, വഞ്ചന, വധഭീഷണി, ഗൂഢാലോചന തുടങ്ങി നിരവധി ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2020 ഡിസംബര്‍ രണ്ടിന് 17.39 ലക്ഷം രൂപയ്ക്ക് താൻ ഒരു കറുത്ത മഹീന്ദ്ര സ്കോര്‍പിയോ എസ്‌യുവി വാങ്ങിയെന്നാണ് മിശ്രയുടെ പരാതിയില്‍ പറയുന്നത്. ആനന്ദ് മഹീന്ദ്രയുടെ തന്നെ പരസ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും കണ്ടാണ് സുരക്ഷ മുൻനിര്‍ത്തി ഈ വാഹനം താൻ വാങ്ങിയതെന്നും പിന്നീട് അത് തന്റെ ഏക മകന് സമ്മാനിച്ചെന്നും മിശ്ര പറയുന്നു.
2022 ജനുവരി 14ന് ഡോ. അപൂര്‍വ് മിശ്രയും സുഹൃത്തുക്കളും ലഖ്‌നൗവില്‍ നിന്ന് കാണ്‍പൂരിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു, എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും പരാതിയില്‍ പിതാവ് പറയുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന്, കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു. പലതവണ കരണം മറിഞ്ഞ ശേഷമാണ് വാഹനം നിന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. അപൂര്‍വിന് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്‍ടമായി.
ഡീലര്‍ഷിപ്പും കമ്ബനിയുടെ പരസ്യങ്ങളും നല്‍കിയ ഉറപ്പുകള്‍ ഇല്ലായിരുന്നുവെങ്കില്‍ താൻ ഒരിക്കലും ഈ കാര്‍ വാങ്ങില്ലായിരുന്നുവെന്നും പരാതിയില്‍ രാജേഷ് മിശ്ര ഊന്നിപ്പറയുന്നു. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടും കാറിന്റെ എയര്‍ബാഗുകള്‍ വിന്യസിക്കാത്തതാണ് ഡോ. അപൂര്‍വിന്റെ അകാല മരണത്തിന് കാരണമായതെന്നും പിതാവ് പരാതിയില്‍ ആരോപിക്കുന്നു. തെറ്റായ ഉറപ്പുകള്‍ നല്‍കി കമ്ബനി തന്നെ കബളിപ്പിച്ചെന്നും പിന്നീട് കാറില്‍ എയര്‍ബാഗുകള്‍ ഇല്ലെന്ന് കണ്ടെത്തിയെന്നും മിശ്ര വാദിക്കുന്നു. എയര്‍ബാഗുകള്‍ ഇല്ലാത്ത സ്‌കോര്‍പിയോ കാര്‍ കമ്ബനി തനിക്ക് വിറ്റെന്നും ഇതുകാരണമാണ് തന്റെ മകൻ വാഹനാപകടത്തില്‍ മരിക്കാനിടയായതെന്നും പരാതിക്കാരനായ രാജേഷ് മിശ്ര ആരോപിക്കുന്നു. അപകടത്തെ തുടര്‍ന്ന് 2022 ജനുവരി 29ന് കാറിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി രാജേഷ് താൻ കാര്‍ വാങ്ങിയ ഓട്ടോ സ്റ്റോറിലെത്തി. കമ്ബനിയിലെ ജീവനക്കാര്‍ രാജേഷുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഡയറക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാനേജര്‍മാര്‍ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‍തതായും അദ്ദേഹം ആരോപിക്കുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചന, യന്ത്രങ്ങളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം, അശ്രദ്ധമൂലമുള്ള മരണം, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വം അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ആനന്ദ് മഹീന്ദ്രയ്ക്കും മറ്റുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്‍തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.. കേസില്‍ അന്വേഷണം ആരംഭിച്ചു, കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറയുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം അപകടത്തിന് ഇരയായ സ്കോര്‍പിയോയില്‍ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്നത് അന്വേഷണ വിഷയമാണ്. അഥവാ എയര്‍ബാഗുകള്‍ ഇല്ലെന്നു തെളിഞ്ഞാല്‍ അത് കമ്ബനിയുടെ ഭാഗത്തുനിന്നുള്ള വലിയ തെറ്റായിരിക്കും. ഗ്ലോബല്‍ എൻസിഎപിയുടെ സുരക്ഷാ റേറ്റിംഗ് മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ എയര്‍ബാഗുകള്‍ ഈ റേറ്റിംഗില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏതൊരു കാറിന്റെയും സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് എയര്‍ബാഗ്. ക്രാഷ് ടെസ്റ്റില്‍ കാറുകള്‍ക്ക് മികച്ച റാങ്ക് ലഭിക്കുന്നത് എയര്‍ബാഗുകളുടെ സഹായത്തോടെയാണ്. ഇപ്പോള്‍ ഏത് കാറിലും രണ്ട് എയര്‍ബാഗുകള്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ പല കമ്ബനികളും കാറുകളുടെ അടിസ്ഥാന വേരിയന്റുകളില്‍ പോലും ആറ്‌എയര്‍ബാഗുകള്‍ വാഗ്‍ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, എയര്‍ബാഗ് ഉള്ള കാറുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നത് അറിയേണ്ടതും പ്രധാനമാണ്. പലപ്പോഴും എയര്‍ബാഗുകള്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ടാവുകയും ആവശ്യം വരുമ്ബോള്‍ തുറക്കാതിരിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, കാറിന്റെ എയര്‍ബാഗുകള്‍ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് ആവശ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















