സൈഫർ കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേയ്ക്ക് കൂടി നീട്ടി. പതിനാല് ദിവസത്തെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടർന്ന് ഒക്ടോബർ ഒന്ന് വരെയാണ് നീട്ടിയിരിക്കുന്നത്. ഇതോടെ നേരത്തെ ജയിൽ മോചിതനാകാനുള്ള ഇമ്രാന്റെ സാധ്യതയാണ് അവസാനിച്ചത്.
പാക് പ്രധാനമന്ത്രിയായിരുന്ന സമയത്ത് നയതന്ത്ര ചാനലിലൂടെയുള്ള രഹസ്യ വിവരം ദുരുപയോഗം ചെയ്യുകയും വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിലാണ് (സൈഫർ കേസ്) ഇമ്രാൻ ഖാന്റെ കാലാവധി നീട്ടിയിരിക്കുന്നത്. ഇത് മൂന്നാമത്തെ തവണയാണ് ഇമ്രാൻ ഖാനെ റിമാൻഡ് ചെയ്യുന്നത്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്ന തോഷഖാന അഴിമതിക്കേസിൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ഓഗസ്റ്റ് അഞ്ച് മുതൽ ഇമ്രാൻ ഖാൻ തടവിലാണ്. അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന അറ്റോക്ക് ജയിലിലെത്തിയാണ് സൈഫർ കേസിൽ പ്രത്യേക കോടതി ജഡ്ജി അബുവൽ ഹസ്‌നത്ത് സുൽക്കർനൈൻ വാദം കേട്ടത്.
മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ റിമാൻഡ് കാലാവധിയും കോടതി നീട്ടിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് ഇമ്രാൻ ഖാനെ മാറ്റാൻ ഇസ്ലാമാബാദ് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടെങ്കിലും നടപ്പാക്കിയിരുന്നില്ല.
സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ജയിലിൽ കേസിന്റെ വാദം കേൾക്കാൻ അധികൃതർ നേരത്തെ അനുമതി നൽകിയിരുന്നു. തോഷഖാന കേസിൽ മൂന്ന് വർഷത്തെ തടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്. സുരക്ഷ കാരണങ്ങൾ മുൻ നിർത്തി നിയമമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് കേസിന്റെ വിചാരണ പഞ്ചാബിലെ അറ്റോക്ക് ജയിലിൽ നടത്തിവരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം