കൊച്ചി : നിർധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി രാജ്യാതിർത്തികൾ താണ്ടാനൊരുങ്ങി യുവാവ്. കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളുടെയും ആസ്റ്റർ ലാബ്, ഫാർമസി ഉൾപ്പെടെയുള്ളവയുടെയും സർവീസ് എക്സലൻസ് വിഭാഗം തലവനായ വൈശാഖ് സീതാറാം ദത്താനിയാണ് സിംഗപ്പൂരിൽ നിന്നും സിക്കിമിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നത്. ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർധനരായ നൂറ് കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന പദ്ധതിയുടെ പ്രചാരണാർത്ഥമാണ് ഷോർസ് ടു പിനാക്കിൾ 3.0 എന്ന് പേരിട്ടിട്ടുള്ള സാഹസിക യാത്ര. കൂടുതൽ ആളുകളെ കാണാനും പരിചയപ്പെടാനും യാത്രയുടെ ഉദ്ദേശ്യം അവതരിപ്പിക്കാനും ലക്ഷ്യമിട്ട് നടന്നും ലിഫ്റ്റടിച്ചും യാത്ര ചെയ്യുന്ന ഹിച്ച് ഹൈക്കിങ് രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ബുധനാഴ്ച സിംഗപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര നവംബർ 23ന് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിമിൽ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനിടെ മലേഷ്യ, വിയറ്റ്നാം, കംബോഡിയ, ലാവോസ്, തായ്‌ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലൂടെ 8800 കിലോമീറ്റർ യാത്ര ചെയ്യും. നേരത്തെ സൈക്കിൾ, മോട്ടോർ ബൈക്ക് എന്നിവയിൽ സമാന രീതിയിൽ സോളോ യാത്രകൾ ചെയ്ത വൈശാഖ് ജനശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.
ഹൃദയ ദിനാചരണത്തിന്റെ ഭാഗമായാണ് വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ് (വി.എസ്.ഡി) ഉൾപ്പെടെയുള്ള ഹൃദ്രോഗം മൂലം ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുട്ടികൾക്ക് ചികിത്സ നൽകുന്ന ഹാർട്ട് ബീറ്റ്സ് പദ്ധതിക്ക് ആസ്റ്റർ മെഡ്സിറ്റി രൂപം നൽകിയത്. ഇതോടനുബന്ധിച്ച് ഹൃദയരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ച് പദ്ധതിയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് ആസ്റ്റർ വോളണ്ടിയർമാരുമായി സഹകരിച്ച് ഹാർട്ട് 2 ഹാർട്ട് എന്ന ക്യാമ്പയിനും ആരംഭിച്ചിരുന്നു. 10,000 ചുവടുകൾ,10 കിലോമീറ്റർ സൈക്കിൾ സവാരി, ഒരു മണിക്കൂർ വ്യായാമം എന്നിവയെല്ലാം പൂർത്തിയാക്കുന്ന ഓരോരുത്തർക്ക് വേണ്ടിയും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ 100 രൂപ വീതം സംഭാവന ചെയ്യും.
യാത്രയിൽ പരിചയപ്പെടുന്ന വിവിധ ജനവിഭാഗങ്ങളിലേക്ക് ഇക്കാര്യം പരിചയപ്പെടുത്താനാണ് വൈശാഖ് ലക്ഷ്യമിടുന്നത്. ഇതുവഴി 10 ദശലക്ഷം ആസ്റ്റർ വോളന്റിയർമാരെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരിയറ്റ് ഇന്റർനാഷണൽ, റൈസിംഗ് സ്റ്റാർ ഔട്ട്‌റീച്ച് ഓഫ് ഇന്ത്യ, ഗോഫണ്ട്മീ.കോം, ശ്രീലങ്കൻ സർക്കാരിന്റെ കാൻസർ ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് ഷോർസ് ടു പിനാക്കിൾ 3.0 വിഭാവനം ചെയ്തിട്ടുള്ളത്.
വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ് അടക്കമുള്ള ഹൃദ്രോഗങ്ങൾ ജീവിതത്തിന്റെ അവസാനമല്ല, വിശാലമായ റോഡ് പോലെ അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണ്. ഈ യാത്രയിൽ പരിചയപ്പെടുന്ന ഓരോരുത്തരോടും ഹൃദ്രോഗം കൊണ്ട് വലയുന്ന കുട്ടികൾക്ക് വേണ്ടി സംസാരിക്കുമെന്നും വൈശാഖ് പറഞ്ഞു.എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആസ്റ്റർ മെഡ്സിറ്റിയിലെ ഡയറക്ടർ ഓഫ് മെഡിക്കൽ അഫയേഴ്സ് ഡോ. ടി.ആർ ജോൺ, ആസ്റ്റർ ഡിഎം ഫൌണ്ടേഷൻ അസി. ജനറൽ മാനേജർ ലത്തീഫ് കാസിം തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം