ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര ഇന്ത്യക്ക്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനം 99 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), സൂര്യകുമാര്‍ യാദവ് (72), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ഓസീസ് ബാറ്റ് ചെയ്യുന്നതിനെ മഴയെത്തി. ഇതോടെ വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ ഓസീസ് 28.2 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി. സീന്‍ അബോട്ടാണ് (54) ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ആര് അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു.
കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തന്നെ പാളി. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മാത്യു ഷോർട്ട് (8 പന്തിൽ 9), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (പൂജ്യം) എന്നിവരെ അടുത്തത്തടുത്ത പന്തുകളിൽ അവർ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയാണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്. പിന്നീട് ഡേവിഡ് വാർണർ (39 പന്തിൽ 53), മാർനസ് ലബുഷെയ്ൻ (31 പന്തിൽ 27) എന്നിവർ ചേർന്നു ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. ഇതിനിടയിൽ ഒൻപതാം ഓവറിൽ മഴയെത്തിയതോടെ കളി മുടങ്ങി. മഴ തോരാൻ വൈകിയതോടെ ഓവർ വെട്ടിക്കുറച്ച് ലക്ഷ്യം പുനർനിശ്ചയിച്ചു.
13–ാം ഓവറിൽ ലബുഷെയ്നെ വീഴ്ത്തി അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. അശ്വിന്റെ തന്നെ തൊട്ടടുത്ത ഓവറിൽ വാർണറും വീണതോടെ ഓസീസ് പരുങ്ങലിലായി. മൂന്നാം വിക്കറ്റിൽ വാർണറും ലബുഷെയ്നും ചേർന്ന് 80 റൺസ് കൂട്ടിച്ചേർത്തു. ജോഷ് ഇംഗ്ലിസ് (9 പന്തിൽ 6), ആലെക്സ് കാരി (12 പന്തിൽ 14), കാമറൂൺ ഗ്രീൻ (13 പന്തിൽ 19), ആദം സാംപ (5 പന്തിൽ 5) എന്നിവരുടെ വിക്കറ്റുകളും പെട്ടെന്നു വീണതോടെ ഇന്ത്യ അതിവേഗം ജയത്തിലെത്തുമെന്ന് കരുതി. എന്നാൽ ഒൻപതാം വിക്കറ്റിൽ സീൻ ആബട്ടും (36 പന്തിൽ 54), ജോഷ് ഹെയ്സൽവുഡും (16 പന്തിൽ 23) ചേർന്നു നടത്തിയ ചെറുത്തുനിൽപ്പ് ഓസീസ് സ്കോർ 200 കടത്തി. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിചേർത്തു. അഞ്ചു സിക്സും നാലു ഫോറുമാണ് ആബട്ടിന്റെ പന്തിൽനിന്നു പിറന്നത്. എന്നാൽ അടുത്ത ഓവറുകളിൽ ഹെയ്സൽവുഡും ആബട്ടും വീണതോടെ ജയം ഇന്ത്യയ്ക്കൊപ്പം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. ഹെയിസല്‍വുഡാണ് ഗെയ്ക്വാദിനെ(8) പുറത്താക്കിയത്. പിന്നാലെ ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ഒന്നിച്ചു. ഓസീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോര്‍ 200-കടത്തിയ കൂട്ടുകെട്ട് 216-ല്‍ നില്‍ക്കേയാണ് പിരിഞ്ഞത്. 90-പന്തില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ് അയ്യരെ സീന്‍ അബോട്ട് പുറത്താക്കി.
പിന്നാലെ ഗില്ലും സെഞ്ചുറി തികച്ചു. 104-റണ്‍സെടുത്ത ഗില്‍ മടങ്ങിയതോടെ കെഎല്‍ രാഹുലും ഇഷാന് കിഷനും സ്കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് സ്കോര്‍ മുന്നൂറ് കടത്തി. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത കിഷനെ അദം സാംപ കൂടാരം കയറ്റി. പിന്നീടിറങ്ങിയ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44-ാം ഓവറില്‍ തുടര്‍ച്ചയായ നാല് സിക്സറുകളടിച്ചാണ് സൂര്യകുമാര്‍ തിളങ്ങിയത്. 38 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും സൂര്യകുമാര്‍ വെടിക്കെട്ട് തുടര്‍ന്നു. ഒടുവില്‍ 399 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. 37 പന്തില്‍ നിന്ന് ആറ് വീതം സ്ക്സറുകളുടേയും ഫോറുകളുടേയും അകമ്പടിയോടെ 72 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്താകാതെ നിന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം