തിരുവനന്തപുരം: സംവിധായകൻ കെ.ജി.ജോർജിന്റെ വിയോഗവാർത്തയോടുള്ള പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.ജി.ജോർജ് ആണ് മരിച്ചതെന്നു ചോദ്യത്തിൽനിന്നു മനസ്സിലായിരുന്നില്ലെന്നും ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
സമാനപേരിലുളള പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. കൃത്യമായി ചോദിച്ചറിയാതിരുന്നത് വീഴ്ചയായി അംഗീകരിക്കുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും സുധാകരൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.
കെ.ജി ജോര്‍ജിന്‍റെ നിര്യാണത്തില്‍ പ്രതികരണമെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘ ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകൻ ആയിരുന്നു.. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു… കഴിവും പ്രാപ്‌തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാൻ ഒരുപാടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും മോശം അഭിപ്രായമില്ല. സഹാതാപമുണ്ട്’ എന്നായിരുന്നു കെ.സുധാകരന്‍റെ പ്രതികരണം.
കെ. സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ന് രാവിലെ കെ. ജി ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകൻ കെ ജി ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ ജി ജോര്‍ജിനെ സ്നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.
എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം