കോട്ടയം: ഇടതുമുന്നണിയില്‍ കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം. സിറ്റിംഗ് സീറ്റായ കോട്ടയം ഉള്‍പ്പെടെ നാല് സീറ്റുകള്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളില്‍ ഏതെങ്കിലും മൂന്നെണ്ണം കൂടി ആവശ്യപ്പെടാനാണ് തീരുമാനം. കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കേരള കോണ്‍ഗ്രസ് എം ഇടതുചേരിയില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന കാര്യം അനൗദ്യോഗികമായി കേരള കോണ്‍ഗ്രസ് എം സിപിഐഎം നേതാക്കളോട് പല ഘട്ടത്തിലും പറഞ്ഞിരുന്നു. സീറ്റുകള്‍ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാനാണ് ഉന്നതാധികാര സമിതിയില്‍ തീരുമാനമായിരിക്കുന്നത്.
എന്നാൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയടക്കം ചൂണ്ടിക്കാട്ടി നാല് സീറ്റെന്ന ആവശ്യം ഇടതുപക്ഷം തള്ളുമെന്ന ആശങ്കയുമുണ്ട്. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ വോട്ട് വിഹിതം കുറയാൻ കാരണമായിരുന്നു. അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകൾ കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രമാണ്. 2021 ൽ ഉമ്മൻചാണ്ടിയുടെ ലീഡ് കുറഞ്ഞതും തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ഇടതിന് ലഭിച്ചതും മാണി ഗ്രൂപ്പിന്റെ വരവോടെയാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ 4151 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ അകലക്കുന്നത്ത് നിന്ന് ലഭിച്ചത്.
2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ 1304 വോട്ട് അകലക്കുന്നത്ത് യു.ഡി.എഫിന് കൂടി, ഇടതിന് 1029 വോട്ട് കുറഞ്ഞു. ശക്തി കേന്ദ്രങ്ങളിലെ യു.ഡി.എഫ് മുന്നേറ്റവും വോട്ട് ചോർച്ചയും കൂടുതൽ സീറ്റ് ചോദിച്ചു നേടാമെന്ന കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തിന് തിരിച്ചടിയായേക്കാം. അങ്ങനെയെങ്കിൽ സിറ്റിംഗ് സീറ്റ് അടക്കം രണ്ട് ലോക്സഭാ സീറ്റുകൾ എങ്കിലും ഉറപ്പിക്കാനായിരിക്കും ശ്രമം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം