തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി എംപി. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
“നിലവില്‍ തെലങ്കാനയില്‍ ഞങ്ങള്‍ക്ക് വിജയിക്കാനുള്ള സാധ്യതയുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തീര്‍ച്ചയായും വിജയിക്കും. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് കടുപ്പമേറുമെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇത് തന്നെയാണ് ബിജെപിയുടെ അവലോകനവും,” രാഹുല്‍ വ്യക്തമാക്കി.
കര്‍ണാകയിലെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ പ്രധാനപ്പെട്ട ഒരു പാഠം മനസിലാക്കാനായെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു. “ബിജെപി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത് സത്യാവസ്ഥയില്‍ നിന്ന് ശ്രദ്ധതിരിച്ചുകൊണ്ടാണ്. പക്ഷെ കര്‍ണാടകയില്‍ ഞങ്ങള്‍ അതിന് അനുവദിക്കാതെ പോരാടി. ഇപ്പോള്‍ ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്,” പാര്‍ലമെന്റില്‍ ബിജെപി എംപി രമേഷ് ബിധുരി ബി എസ് പി എംപി ഡാനിഷ് അലിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.
“ഞങ്ങള്‍ ഏതെങ്കിലുമൊരു വിഷയം ചൂണ്ടിക്കാണിക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള മാര്‍ഗങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ മനസിലാക്കി കഴിഞ്ഞു,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അസമിലെ പ്രതിദിന്‍ മീഡിയ നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച കോണ്‍ക്ലെവില്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയം ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാനാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
ഇന്ത്യ ഇന്ന് നേരിടുന്ന യാഥാര്‍ത്ഥ പ്രശ്നങ്ങള്‍ സാമ്പത്തികമായുള്ള അസമത്വം, തൊഴിലില്ലായ്മ, ഒബിസി, ഗോത്രവര്‍ഗങ്ങള്‍, താഴ്ന്ന ജാതിയിലുള്ളവര്‍ എന്നിവരോടുള്ള അനീതി, വിലക്കയറ്റം എന്നിവയാണെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. “ഇത്തരം കാര്യങ്ങളെ അഭസംബോധന ചെയ്യാന്‍ ബിജെപിക്ക് ഇന്ന് കഴിയില്ല. അതിനാലാണ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താം, രാജ്യത്തിന്റെ പേര് മാറ്റാം എന്നിങ്ങനെ ഓരോ ആശയങ്ങളുമായി എത്തുന്നത്. ഞങ്ങള്‍ക്കിത് വ്യക്തമായറിയാം, ബിജെപിയെ അതിന് ഞങ്ങള്‍ അനുവദിക്കില്ല,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സഖ്യത്തിന്റെ പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ അല്ലെന്നും ഇന്ത്യയെന്ന ആശയം സംരക്ഷിക്കാനാണെന്നും രാഹുല്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം