തിരുവനന്തപുരം: കേരളത്തിലെ ജെ.ഡി.എസ് എൻ.ഡി.എയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു.ടി.തോമസ്. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും.
കൂറുമാറ്റ നിരോധനിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രൂപികരിക്കാൻ ആവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ എൽ.ജെ.ഡി ആർ.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തിൽ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ.
നിതീഷ് കുമാർ യാദവിന്‍റെ പാർട്ടിയുമായി ലയിക്കണമെന്നാണ് നീലലോഹിതദാസൻ നാടാർ നിർദേശിച്ചത് എന്നാൽ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടി നിലാപാട്. അഖിലേഷ് യാദവിന്‍റെ എസ്.പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരളഘടകം ആലോചിക്കുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജെഡിഎസ് എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും മകന്‍ നിഖില്‍ കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയേയും ഡല്‍ഹിയില്‍ വെച്ച് സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് മുന്നണിയില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചത്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുംയോഗത്തിലുണ്ടായിരുന്നു. എന്‍ഡിഎയുടെ ഭാഗമാകാനുള്ള ജെഡിഎസ് തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്ന് നദ്ദ എക്‌സില്‍ കുറിച്ചു. ജെഡിഎസിനെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ നദ്ദ ഈ തീരുമാനം എന്‍ഡിഎയെയും പുതിയ ഇന്ത്യ ശക്തിയാര്‍ന്ന ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ തന്നെ ജെഡിഎസ് എന്‍ഡിഎയിലേക്കെന്ന സൂചനകള്‍ പാര്‍ട്ടി നല്‍കിയിരുന്നു. കര്‍ണാടകയിലെ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജെഡിഎസ് നേരത്തെ തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തോടെ കര്‍ണാടകയില്‍ മേല്‍വിലാസം നഷ്ടപ്പെട്ട നിലയിലായിരുന്നു ജെഡിഎസ്. 224ല്‍ 19 സീറ്റില്‍ മാത്രമേ ജെഡിഎസിന് വിജയിക്കാന്‍ സാധിച്ചുള്ളു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















