തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി അന്വേഷണത്തിനെതിരെ മന്ത്രി എംബി രാജേഷ്. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളില്‍ നടന്നിട്ടുള്ള ക്രമക്കേടുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കരുവന്നൂരിലേത് വലിയ പ്രശ്നമാണോയെന്ന് മന്ത്രി ചോദിച്ചു. അതിലെല്ലാം എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് ഓര്‍മിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
പല ബാങ്കുകളും പതിനായിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ചതും കൊള്ളയടിച്ചവര്‍ രാജ്യംവിട്ടുപോയി ഇപ്പോഴും സുരക്ഷിതമായി കഴിയുന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ടെന്ന് ഓര്‍ക്കണം. അപ്പോഴാണ് കേരളത്തില്‍ ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തി ഇത്ര വ്യാപകമായ പ്രചരണം നടത്തുന്നത്. പ്രധാനമായും നിയമപരം എന്നതിനെക്കാള്‍ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ് ഇതെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും ശക്തമായ സഹകരണ മേഖലയുള്ള സംസ്ഥാനമാണ് കേരളം. മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കണമെങ്കില്‍ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കണം. അതിനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നുണ്ടെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഇഡി സംഘത്തിന് മേലുദ്യോഗസ്ഥരുടെ നിർദ്ദേശം. മർദ്ദിച്ചെന്ന സിപിഎം നേതാവിന്റെ പരാതിയിലുള്ള പൊലീസ് നടപടി കാര്യമാക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സിപിഎം നേതാവായ അരവിന്ദാക്ഷനെ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് ക്യാമറക്ക് മുന്നിലാണെന്നും ഇഡി ഉദ്യോഗസ്ഥർ ആവർത്തിക്കുകയാണ്. 24 സിസിടിവി ക്യാമറകൾ ഇ ഡി ഓഫീസിലുണ്ട്. ഈ മാസം 12 ന് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ ഒരാഴ്ചയ്ക്ക് ശേഷം 19ാം തീയതി പരാതി നൽകിയത് സംശയാസ്പദമാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.
സിപിഎം നേതാവിന്റെ പരാതിയും പൊലീസ് നടപടിയും സമ്മർദ്ദ തന്ത്രമായാണ് ഇഡി കാണുന്നത്. നയതന്ത്ര ചാനൽ വഴി നടത്തിയ സ്വർണക്കടത്ത് കേസിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടികൾ സമ്മർദ്ദ തന്ത്രമെന്ന വിലയിരുത്തലിലേക്ക് ഇഡി സംഘം എത്തിയത്. തൃശ്ശൂരിൽ വ്യാപക റെയ്ഡ് നടത്തിയതും എസി മൊയ്തീന് നോട്ടീസ് നൽകിയതുമാണ് സമ്മർദ്ദ തന്ത്രത്തിന് കാരണം. കരുവന്നൂർ കേസിൽ എസി മൊയ്തീന് ഉടൻ തന്നെ വീണ്ടും നോട്ടീസ് നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















