കാസർകോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളക്കേസാണെന്ന് മുൻപേ ഞങ്ങൾ വ്യക്തമാക്കിയിരുന്നു. നിയമനടപടിയുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ഉന്നത നേതാക്കൾ കുടുങ്ങുമെന്ന ഭയത്താൽ ഇടത് സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
മുൻപും ഇത്തരം നീക്കം പിണറായി സർക്കാർ നടത്തിയിട്ടുണ്ട്. ഇഡിക്കെതിരായ നീക്കം ഇതേ രീതിയിലാണ്. കൗൺസിലർ അരവിന്ദാക്ഷനെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചതിന് പിന്നിൽ സിപിഎം നേതൃത്വമാണ്.
ഇഡി മർദ്ദിച്ചുവെന്ന പരാതി കരുവന്നൂർ കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. ശാസ്ത്രീയമായ രീതിയിൽ സുതാര്യമായ സംവിധാനത്തിലാണ് കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലെന്ന് എല്ലാവർക്കും അറിയാം.
ക്യാമറകളുടെ നടുവിലാണ് ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷൻ പരാതിയുമായി രംഗത്തെത്തിയത്. ഇത് ഗൂഢാലോചനയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹമാണ്. നരേന്ദ്ര മോദിയുടെ കേരളത്തോടുള്ള പരിഗണനയാണ് തെളിയിക്കുന്നത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നത് വ്യാജ പ്രചാരണമാണ്. കാസർഗോഡ്, ആലപ്പുഴ എം.പിമാരുടെ അവകാശവാദം അതിശയിപ്പിക്കുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എട്ടുകാലി മമ്മൂഞ്ഞിന്റെ മൂത്താപ്പയെ പോലെയാണ്. വല്ലാത്ത തള്ളാണ് ഉണ്ണിത്താൻ നടത്തുന്നത്. ഇത്തരം നാടകങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















