തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് മുവാറ്റുപുഴ എം.എൽ.എ മാത്യൂ കുഴൽനാടൻ. പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്നും സർക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാമെന്നും കുഴൽനാടൻ പറഞ്ഞു.
മാത്യൂ കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്.
ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പന നടത്തിയതിലും രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഉത്തരവില്‍ മാത്യു കുഴല്‍ നാടൻ എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നില്ല.
മാത്യു കുഴല്‍ നാടന്‍റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന്, സിപിഎം വിജിലൻസിന് പരാതി നല്‍കി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴല്‍ നാടൻ വ്യക്തമാക്കിയിരുന്നു.
















