ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും 2 എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു.
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്ന അതിപ്രധാനമായ ഭരണഘടനാഭേദഗതി ബില്ലാണ് ഒരു കടമ്ബ കൂടി കടന്നിരിക്കുന്നത്. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങില്‍ തന്നെ കേന്ദ്രം ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കുകയായിരുന്നു. നിലവില്‍ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതില്‍ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകള്‍ക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍ അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്. ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ് സംവരണം. എന്നാല്‍, ഈ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം സഭ ശബ്ദവോട്ടോടെ തള്ളി. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഉപസംവരണം വേണമെന്നായിരുന്നു നിർദേശം. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാൻ മണ്ഡലപുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രി പറഞ്ഞു.
ഇന്നലെ ‘നാരിശക്തീ വന്ദന്‍’ എന്ന പേരിലാണ് നിയമമന്ത്രി അര്‍ജുൻ റാം മേഘ്‍വാള്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണവും ഉണ്ടാകുമെന്ന് ബില്ലില്‍ പറയുന്നു. എന്നാല്‍, ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
















