ഗ്യാംഗ്ഷു: ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവിയോടെ തുടക്കം. അയൽക്കാരായ ചൈനയോട് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. ഒരു ദിവസം പോലും പരിശീലനം നടത്താതെ കളത്തിലിറങ്ങിയ ടീമിന് കളിക്കളത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സീനിയര്‍ താരങ്ങളായ സുനില്‍ ഛേത്രിയേയും സന്ദേഷ് ജിംഗാനേയും കോച്ച് സ്റ്റിമാച്ച് ആദ്യ ഇലവനില്‍ ഇറക്കിയിട്ടും തോല്‍വി തടയാനായില്ല.
മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ചൈന ഇന്ത്യന്‍ ഗോള്‍മുഖത്ത് ഇരച്ചുകയറി. 16-ാം മിനിറ്റിൽ ചൈനയാണ് സ്കോറിംഗ് തുടങ്ങിയത്. ഗാവോ റ്റിയാനിയായിരുന്നു സ്കോറർ. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മലയാളി താരം കെ.പി.രാഹുലിന്റെ തകർപ്പൻ ഗോളിലൂടെ ഒപ്പമെത്തിയത് മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് എടുത്തു പറയാനുള്ളത്.
1-1 എന്ന നിലയിൽ ആദ്യ പകുതിയിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിക്ക് എത്തിയ ചൈന ഇന്ത്യൻ സംഘത്തെ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് പിന്നീട് കാഴ്ചവച്ചത്. 51-ാം മിനിറ്റിൽ തന്നെ ചൈന വീണ്ടും ലീഡ് പിടിച്ചു. ഡായി വിജുൻ ആയിരുന്നു സ്കോറർ.
70-ാം മിനിറ്റിൽ പകരക്കാരനായി ഫാംഗ് ഹോ കളത്തിലിറങ്ങിയതോടെ ചൈനീസ് ആക്രമണത്തിന് വേഗം കൂടി. മൂന്ന് മിനിറ്റിനിടെ താവോ ക്വയ്ൻലോംഗ് രണ്ട് തവണ സ്കോർ ചെയ്തതോടെ ചൈനയുടെ ഗോൾ നില നാലായി. രണ്ടു ഗോളുകൾക്കും വഴി തുറന്നത് പകരക്കാരൻ ഫാംഗ് ഹോ ആയിരുന്നു.
ഇഞ്ചുറി ടൈമിൽ ഫാംഗ് ഹോ കൂടി സ്കോറർമാരുടെ പട്ടികയിൽ എത്തിയതോടെ ചൈനയുടെ ജയം സമ്പൂർണമായി.
റാങ്കിങ്ങില്‍ താഴെയുള്ള ബംഗ്ലാദേശിനെതിരേയും മ്യാന്‍മറിനെതിരേയുമാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 21-ന് ബംഗ്ലാദേശിനേയും 24-ന് മ്യാന്മറിനേയും നേരിടും. വിജയിച്ച് അടുത്ത റൗണ്ടിലെത്താനാകും സ്റ്റിമാച്ചിന്റേയും സംഘത്തിന്റേയും ലക്ഷ്യം.