കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞിട്ടും പിന്നീട് തകര്‍ത്തടിച്ച ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 266 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്റെയും തൗഹിദ് ഹൃദോയിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു.
സ്കോര്‍ ബോര്‍ഡില്‍ 59 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്‍സിദ് ഹസന് (13), ലിറ്റണ്‍ ദാസ് (0), അനാമുള്‍ ഹഖ് (4), മെഹിദി ഹസന് മിറാസ് (13) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയുടെ വക്കിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷാക്കിബ് – തൗഹിദ് ഹൃദോയ് സഖ്യമാണ് തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റിയത്. ഒടുവില്‍ സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന ഷാക്കിബിനെ 34-ാം ഓവറില്‍ മടക്കി ശാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 80 റണ്‍സെടുത്ത ഷാക്കിബാണ് ടീമിന്റെ ടോപ് സ്കോറര്‍. തൊട്ടടുത്ത ഓവറില്‍ ഷമിം ഹുസൈനെ (1) മടക്കി ജഡേജ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി.
പക്ഷേ നസും അഹമ്മദിനെ കൂട്ടുപിടിച്ച് ഹൃദോയ് സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 81 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്താണ് ആറാമനായി ക്രീസിലെത്തിയ ഹൃദോയ് പുറത്തായത്. എട്ടാമനായി ഇറങ്ങിയ നസും അഹമ്മദും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. 45 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്ത താരം ഒടുവില്‍ 48-ാം ഓവറിലാണ് പുറത്തായത്. ഒമ്പതാമനായി ഇറങ്ങിയ മഹെദി ഹസനും (23 പന്തില്‍ നിന്ന് 29 റണ്‍സ്), പത്താമനായി ഇറങ്ങിയ തന്‍സിം ഹസന് സാക്കിബും (8 പന്തില്‍ 14) ബംഗ്ലാദേശ് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്കി.
മൂന്ന് വിക്കറ്റെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്. പ്രസിദ്ധ് കൃഷ്ണയും അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം