ആറന്മുള: കെട്ടിടനിർമാണത്തിന് മണ്ണും മുളയും മുതൽ ആറ്റുകാൽ പൊങ്കാലക്കലം വരെ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വിശദീകരിക്കുന്ന സെമിനാറുകൾ ശ്രദ്ധേയമായി. സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിച്ച പൈതൃകോത്സവം 2023 ദേശീയ സെമിനാറുകളുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ‘സസ്റ്റൈനബിൾ ബിൽഡിങ്ങ് ടെക്നോളജീസ്’ എന്ന വിഷയത്തിൽ നടന്ന സെഷനിലായിരുന്നു കൗതുകകരമായ ഇത്തരം വിവരങ്ങൾ ചർച്ചയായത്.
വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ പത്മശ്രീ ഡോ. ജി ശങ്കർ സെമിനാറിൽ ആമുഖ പ്രഭാഷണം നടത്തി. സീനിയർ എഞ്ചിനീയറിങ്ങ് കൺസൾട്ടൻ്റ് ആയ ടി.പി മധുസൂദനൻ അവതരിപ്പിച്ച ആദ്യ സെമിനാറിൽ ഭിത്തി, തറ, മേൽക്കൂര തുടങ്ങിയവ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നതും പ്രകൃത്യാ ലഭ്യമായതുമായ വിവിധതരം വസ്തുക്കളെക്കുറിച്ച് വിശദീകരിച്ചു. ഭിത്തി നിർമ്മാണത്തിൽ ഇഷ്ടികകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന റാറ്റ് ട്രാപ്പ് ബോണ്ട് സാങ്കേതിക വിദ്യ ആവശ്യമായ ഇഷ്ടികകളുടെ എണ്ണം 33 ശതമാനത്തോളം കുറയ്ക്കുക മാത്രമല്ല, ഇഷ്ടികകൾക്കിടയിലെ വായു അറകൾ മുറികളെ തണുപ്പിക്കുകയും ചെയ്യും. മേൽക്കൂര നിർമാണത്തിനുപയോഗിക്കുന്ന ഫില്ലർ സ്ലാബ് സാങ്കേതിക വിദ്യയിൽ ഫില്ലറുകളായി മാംഗ്ലൂർ ടൈലും ചെളിക്കട്ടകളും മുതൽ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിച്ച പൊങ്കാലക്കലങ്ങൾ വരെ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും ടി.പി മധുസൂദനൻ പറഞ്ഞു. വായുസഞ്ചാരത്തിനായി ജനലുകൾ നിർമിക്കുന്നതിന് പകരം ഭിത്തിയിൽ ഇഷ്ടികകൾക്കിടയിലായി ജാളികൾ/ദ്വാരങ്ങൾ നിർമിക്കുന്നതും അദ്ദേഹം വിശദീകരിച്ചു.
ഭാവിതലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തടസമുണ്ടാകാതെ വർത്തമാനകാല തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതെന്ന ബ്രണ്ട്ലാൻഡ് റിപ്പോർട്ട് ഓർമിപ്പിച്ചുകൊണ്ടാണ് KESNIK ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഡോ. റോബർട്ട് വി തോമസിൻ്റെ സെമിനാർ ആരംഭിച്ചത്. സുസ്ഥിര വാസ്തുവിദ്യയുടെ വിവിധ സങ്കേതങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ സെമിനാർ.
മണ്ണ് കൊണ്ടുള്ള നിർമാണങ്ങളിൽ ഉപയോഗിക്കുന്ന റാംഡ് എർത്ത് എന്ന സാങ്കേതിക വിദ്യ വിശദമാക്കിയ സെമിനാർ അവതരിപ്പിച്ചത് ഐ കെ എസ് മേധാവിയായ എഞ്ചിനീയർ വി സുരേഷ് ആയിരുന്നു. ഭുജിൽ മൂവായിരത്തോളം വീടുകൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ ഡിസി സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ അധ്യാപകനായ അജീഷ് കാക്കരത്ത് ആണ് മോഡറേറ്റർ ആയത്. അന്താരാഷ്ട്ര നിലവാരമുള്ള സെമിനാറുകളുമായി പൈതൃകോത്സവം 2023 ശ്രദ്ധേയമാകുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം