മംഗളൂരു: ഡൽഹി സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശംസുൽ ഇസ്ലാമിനെ മംഗളൂരു സർവകലാശാലയിൽ തടയാൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ കർണാടക മേഖലയിൽനിന്ന് രക്തസാക്ഷികളായ 132 ധീര ദേശാഭിമാനികളുടെ പേരുകൾ അടങ്ങിയ പോസ്റ്റർ ശംസുൽ ഇസ് ലാം അനാച്ഛാദനം ചെയ്തു.
ബി.വി കക്കില്ലായ അനുസ്മരണ പ്രഭാഷണം നടത്തിയ വേദിക്ക് പുറത്താണ് ‘ഗോ ബാക്ക് ശംസുൽ’ എന്നെഴുതിയ പ്ലെക്കാർഡുകളുമായി തീവ്ര ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധിച്ചത്. വിദ്യാർഥികൾ ഇടത് രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് ശംസുൽ ഇസ്ലാം എത്തിയത് എന്നായിരുന്നു എ.ബി.വി.പി പ്രവർത്തകരുടെ ആരോപണം. കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.
ഒന്നാം രാജ്യസഭയിലും പ്രഥമ കർണാടക നിയമസഭയിലും അംഗമായിരുന്ന, 1919ൽ ജനിച്ച് 2012ൽ അന്തരിച്ച, കമ്മ്യൂണിസ്റ്റ് ചിന്തകനും എഴുത്തുകാരനും എ.ഐ.ടി.യു.സി നേതാവുമായ കക്കില്ലായയുടെ സ്വതന്ത്ര്യസമര ജീവിതം പുതുതലമുറക്ക് പകരുക ലക്ഷ്യമിട്ടാണ് പ്രഭാഷണം സംഘടിപ്പിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര രക്തസാക്ഷിത്വം ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടി ബംഗളൂരു ഹൊസടു മാസിക, മംഗളൂരു സമദർശി വേദി എന്നിവയുമായി സഹകരിച്ച് മംഗളൂരു സർവകലാശാല ചരിത്ര വിഭാഗമാണ് സംഘടിപ്പിച്ചത്.
പ്രഭാഷകനെ തീരുമാനിച്ചത് മുതൽ തീവ്ര ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ശനിയാഴ്ച ആദ്യം പ്ലക്കാർഡുമായി പി.യു തലത്തിലെ എ.ബി.വി.പി വിദ്യാർഥികളാണ് പ്രതിഷേധം നടത്തിയത്. സംഘാടകർ പിന്തിരിയുന്നില്ലെന്ന് അറിഞ്ഞതോടെ മുതിർന്ന വിദ്യാർഥികൾ സംഘടിച്ച് എത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റി.
ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ രക്തസാക്ഷികളായവരിൽ 132 കർണാടകക്കാരുമുണ്ടെന്ന് പ്രഭാഷണത്തിൽ ശംസുൽ ഇസ്ലാം പറഞ്ഞു. ഇതിൽ ഹിന്ദുവും മുസ്ലിമും സിഖും പാഴ്സിയും വിവിധ ജാതികളിൽപെട്ടവരും ഉണ്ട്. ഈ കണക്കുകളും പേരുകളും കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ നിന്ന് തന്നെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം