കൊച്ചി: കൊച്ചിയുടെ അഭിമാന പദ്ധതികളിലൊന്നായ പെട്രോകെമിക്കൽ പാർക്കിന്റെ രണ്ടാമത്തെ യൂണിറ്റ് ഇന്ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മൂന്നാമത്തെ യൂണിറ്റിന്റെ ട്രയൽ റൺ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഇന്ന് പ്രവർത്തനമാരംഭിക്കുന്ന ഏഷ്യാറ്റിക് പോളിമേഴ്സ് ഇന്റസ്ട്രീസ് 20 കോടിയോളം രൂപ നിക്ഷേപമുള്ള യൂണിറ്റാണ്. മുപ്പത് പേർക്ക് തൊഴിൽ നൽകുന്ന സംരംഭം മെഥനോൾ ഉപയോഗിച്ച് ഫോർമാൾഡിഹൈഡ് നിർമ്മിക്കുന്നതിന് പ്രാധാന്യം നൽകുന്നു. പെയിന്റ് കമ്പനികൾക്കും പ്ലൈവുഡ് ഉൽപ്പന്നങ്ങൾക്കുമാവശ്യമായ ഫോർമാൾഡിഹൈഡ് ഇവിടെ നിന്ന് ഉൽപാദിപ്പിക്കും.
1200 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പാർക്കിൽ ഇതിനോടകം 17 യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചു. പാർക്കിന്റെ ഉദ്ഘാടനത്തിന് മുന്നെ തന്നെ യൂണിറ്റുകളുടെ പ്രവർത്തനമാരംഭിച്ചുവെന്നത് കേരളത്തിലേക്ക് നിക്ഷേപകർ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ്. 481 ഏക്കറിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നെ തന്നെ മുഴുവൻ സ്ഥലവും ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിൻഫ്രയുടെ നേതൃത്വത്തിൽ കൊച്ചിയിലെ അമ്പലമുകളിലാരംഭിക്കുന്ന പെട്രോകെമിക്കൽ പാർക്കിൽ കൊച്ചി ബിപിസിഎൽ റിഫൈനറിയിലെ പെട്രോകെമിക്കൽ ഉൽപന്നങ്ങൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ഇൻഡസ്ട്രിയൽ യൂണിറ്റുകൾക്കുള്ള വിപുലമായ സൗകര്യങ്ങൾ ലഭ്യമാകും. കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഗെയിൽ പൈപ്പ് ലൈനിന്റെ സാന്നിധ്യം, അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ പാർക്കിൽ ലഭ്യമാക്കുന്നുണ്ട്.
തടസ്സമില്ലാത്ത ലോജിസ്റ്റിക് ക്രമീകരണവും വെയർഹൗസിംഗ് & ട്രേഡിംഗ് ഹബ് എന്നിവയും ഈ ബൃഹത് പദ്ധതിയിൽ ഉൾപ്പെടുത്തിയത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ്. കേരളത്തിന്റെ വ്യാവസായിക മേഖലയില്‍ വലിയ ഉത്തേജനം സാധ്യമാക്കുന്ന പെട്രോ കെമിക്കൽ പാർക്ക് പദ്ധതിയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപവും 11,000 തൊഴിൽ അവസരങ്ങളും പ്രതീക്ഷിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം