ഇപ്രാവശ്യം കൂട്ടത്തോടെ ഇരകളായത് ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും. ഇവരിൽ പലർക്കും വൻ തുകകളാണ് നഷ്ടമായത്. തന്റെയും മറ്റു പല ആരോഗ്യപ്രവർത്തകരുടേയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു കാരണവുമില്ലാതെ പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദുബായിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ ഡോ.രാകേഷ് മനോരമ ഓൺലൈനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പണം പിൻവലിച്ചതായുള്ള സന്ദേശം എത്തി ഞെട്ടലോടെ അക്കൗണ്ട് തുറന്നുനോക്കിയപ്പോഴാണ് സംഭവം സത്യമാണെന്ന് മനസിലായത്. നാലായിരം ദിർഹമാണ് ഡോ.രാകേഷിന് നഷ്ടമായത്. ജോർദാനിലെ ഒരു റസ്റ്ററന്റിന്റെ പേരിലാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഈ റററ്റിനേക്കുറിച്ച് ഇദ്ദേഹം ആദ്യമായി കേൾക്കുകയായിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോൾ ഇതേ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിനും ക്ലിനിക്കിന്റെ കീഴിലുള്ള ഫാർമസിയിലെ ജീവനക്കാരിക്കും ദുബായിലെ പ്രശസ്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരടക്കമുള്ള 10 പേർക്കും പണം നഷ്ടമായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു
അതേസമയം, ഇത്തരം തട്ടിപ്പുകൾക്കെതിരെ അന്വേഷണം നടത്തിയ റാസൽഖൈമ പൊലീസിന് താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുക മോഷ്ടിക്കുന്ന തട്ടിപ്പുകാരുടെ സംഘത്തെ പിടികൂടാൻ കഴിഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഇവരിൽ നിന്ന് ബാങ്ക് കാർഡുകളും പണവും കണ്ടെത്തി.
സംഘം ബാങ്ക് പ്രതിനിധികളായി വേഷമിടുകയും ഫോൺ കോളുകൾ വഴിയോ വ്യാജ വാട്സാപ് സന്ദേശങ്ങൾ വഴിയോ താമസക്കാരെ ബന്ധപ്പെട്ടാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, ഡേറ്റ നൽകിയില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുമെന്ന് പറയുകയും ഇതോടെ ആശങ്കയിലാകുന്നവർ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് തട്ടിപ്പുകാർ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്നു. തങ്ങളുടെ നിക്ഷേപങ്ങൾ തട്ടിയെടുത്തതായുള്ള സന്ദേശമാണ് അടുത്തതായി ഇരകൾക്ക് ലഭിക്കുക.
ഇത്തരം പരാതികൾ പതിവായതിനെ തുടർന്ന് റാക് പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ഓപറേഷനിലൂടെ സംഘത്തെ പിടികൂടുകയുമായിരുന്നുവെന്ന് ഓപറേഷൻസ് ഡയറക്ടർ ജനറൽ ബി.ജനറൽ താരിഖ് മുഹമ്മദ് ബിൻ സെയ്ഫ് പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി പണം പിടിച്ചെടുത്തു. ഷാർജ പൊലീസുമായി സഹകരിച്ച് തട്ടിപ്പുകാരുടെ ഉടമസ്ഥതയിലുള്ള ബാങ്ക് കാർഡുകളുടെ ശേഖരവും കണ്ടുകെട്ടിയിട്ടുണ്ട്. തുടർന്ന് കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം വീണ്ടെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഇത്തരം ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് ബി.ജനറൽ താരിഖ് മുഹമ്മദ് ബിൻ സെയ്ഫ് ബിഗ് ജനറൽ ബിൻ സെയ്ഫ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പണം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചു. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്, പ്രത്യേകിച്ച് ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞു വിളിക്കുന്നവരോട്. അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിന്റെ പേരിൽ എസ്എംഎസ്, ഇ-മെയിലുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ വഴി വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്കുകൾ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി. സംശയാസ്പദമായ ഇത്തരം പ്രവൃത്തികൾ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണം